ഐപിഎൽ ടീം അവലോകനം; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഒരേ ഒരാൾക്ക് വേണ്ടിയാണ് കൊൽക്കത്ത ലേലത്തിനെത്തിയത്. അയാളെ വലിയ വില നൽകാതെ അവർ സ്വന്തമാക്കുകയും ചെയ്തു. ഒപ്പം, മറ്റ് ചില മികച്ച താരങ്ങളും കൊൽക്കത്ത ക്യാമ്പിലെത്തി. തങ്ങൾക്ക് വേണ്ട ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അധികം പണം മുടക്കാതെ മികച്ച ഇടപെടലാണ് കൊൽക്കത്ത ലേലത്തിൽ നടത്തിയത്.
കെകെആറിൽ തന്നെ കളിച്ചുകൊണ്ടിരുന്ന ഷാക്കിബ് അൽ ഹസനെ ലക്ഷ്യമിട്ടാണ് അവർ ലേലത്തിനെത്തിയത്. ഐസിസി വിലക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം താരത്തെ കെകെആർ റിലീസ് ചെയ്തിരുന്നു. എന്നാൽ, ഇക്കൊല്ലം ലേലത്തിൽ ഷാക്കിബിനെ അവർ തന്നെ ടീമിലെത്തിച്ചു. ഒപ്പം യൂട്ടിലിറ്റി ക്രിക്കറ്ററായ ബെൻ കട്ടിംഗും മികച്ച ഒരു താരമാണ്. കട്ടിംഗിനും അവർ അധികം പണം മുടക്കിയില്ല. ഏറെ എക്സ്പീരിയൻസും മികച്ച പ്രകടനങ്ങളും സ്വന്തമായുള്ള ഹർഭജൻ സിംഗും ചെറിയ തുകയ്ക്കാണ് ടീമിലെത്തിയത്. എങ്കിലും കഴിഞ്ഞ ഒരു വർഷമായി ക്രിക്കറ്റ് കളിക്കാത്ത ഹർഭജൻ എത്ര മികച്ച പ്രകടനം നടത്തും എന്നത് കണ്ടറിയണം.
Read Also : ഐപിഎൽ ടീം അവലോകനം; ചെന്നൈ സൂപ്പർ കിംഗ്സ്
ഷെൽഡൻ ജാക്ക്സൺ, കരുൺ നായർ, പവൻ നെഗി, വെങ്കിടേഷ് അയ്യർ, വൈഭവ് അറോറ എന്നിവരാണ് ലേലത്തിൽ കൊൽക്കത്ത ടീമിലെത്തിച്ച മറ്റു താരങ്ങൾ. കരുൺ നായർ, പവൻ നെഗി എന്നിവർ മുൻപ് ഐപിഎലുകളിൽ കളിച്ചിട്ടുണ്ട്. വെങ്കിടേഷ് അയ്യർ ഒരു നല്ല ഓൾറൗണ്ടറാണ്. വൈഭവ് അറോറ ഭേദപ്പെട്ട ബൗളറുമാണ്. ഇരുവരും പക്ഷേ, ഫൈനൽ ഇലവനിൽ കളിക്കണമെന്നില്ല. കരുൺ നായർ, പവൻ നെഗി എന്നിവർക്കും കളിക്കാൻ അവസരം ലഭിച്ചേക്കില്ല. ബാക്കപ്പ് ഓപ്ഷനുകളായി എടുത്തവരാവും ഇവർ.
ശുഭ്മൻ ഗിൽ ഓപ്പണറായി തുടരുമോ എന്നത് മില്ല്യൺ ഡോളർ ചോദ്യമാണ്. കഴിഞ്ഞ സീസണിൽ 440 റൺസ് ഉണ്ടെങ്കിലും സ്ട്രൈക്ക് റേറ്റ് 120ൽ താഴെ ആയിരുന്നു. അതുകൊണ്ട് തന്നെ പവർപ്ലേ അല്പം കൂടി ഉപയോഗിക്കാൻ കഴിയുന്ന രാഹുൽ ത്രിപാഠി നിതീഷ് റാണയ്ക്കൊപ്പം ഓപ്പൺ ചെയ്യും. ഗിൽ വൺ ഡൗൺ പൊസിഷനിൽ ഇറങ്ങിയേക്കാം. ഷാക്കിബും നരേനും തമ്മിൽ ഒരു ഫൈനൽ ഇലവൻ ക്ലാഷ് ഉണ്ടാവും.
ആദ്യ മത്സരങ്ങളിലെ സാധ്യതാ ടീം:
രാഹുൽ ത്രിപാഠി
നിതീഷ് റാണ
ശുഭ്മൻ ഗിൽ
ഓയിൻ മോർഗൻ
ദിനേഷ് കാർത്തിക്
ഷാക്കിബ് അൽ ഹസൻ/സുനിൽ നരേൻ
ആന്ദ്രേ റസൽ
പാറ്റ് കമ്മിൻസ്
ഹർഭജൻ സിംഗ്/ വരുൺ ചക്രവർത്തി
കമലേഷ് നഗർകൊടി/ശിവം മവി
പ്രസിദ്ധ് കൃഷ്ണ/സന്ദീപ് വാര്യർ
Story Highlights – ipl team analysis kolkata knight riders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here