സ്ഥാനാര്‍ത്ഥി പട്ടികയിലെ ‘കാരണവര്‍’ ഇ. ശ്രീധരന്‍; ‘കുഞ്ഞന്‍’ താരം കെ.എം. അഭിജിത്ത്; സ്ഥാനാര്‍ത്ഥികളുടെ പ്രായത്തിലെ കൗതുകം

തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ മൈതാനം ഒരുങ്ങി. പാര്‍ട്ടികള്‍ പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇനി പോരാട്ടത്തിന്റെ നാളുകളാണ്. മെട്രോമാന്‍ ഇ. ശ്രീധരന്‍ മുതല്‍ ഇരുപത്തിയാറുകാരനായ കെ.എം. അഭിജിത്ത് വരെയാണ് ഇത്തവണ കളത്തില്‍ അണിനിരക്കുന്നത്.
ബിജെപിക്കായി പാലക്കാടന്‍ പടക്കിറങ്ങിയ 88 കാരനായ ഇ. ശ്രീധരനാണ് ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലെ കാരണവര്‍. കോഴിക്കോട് നോര്‍ത്തില്‍ കോണ്‍ഗ്രസിനായി മത്സരിക്കുന്ന കെ.എം. അഭിജിത്താണ് മത്സരാര്‍ത്ഥികളിലെ യഥാര്‍ഥ ‘കുഞ്ഞന്‍’ താരം. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശേഷിപ്പിച്ച കായംകുളം സ്ഥാനാര്‍ത്ഥി അരിത ബാബുവിനെക്കാള്‍ ഒന്നരമാസം ഇളയതാണ് അഭിജിത്ത്. നിലവില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റാണ് അഭിജിത്ത്.
സിപിഐഎമ്മിലെ മുതിര്‍ന്ന സ്ഥാനാര്‍ത്ഥി മന്ത്രി എം.എം മണി തന്നെ. 76 വയസ്. മുതിര്‍ന്നവരിലെ രണ്ടാമന്‍ മുഖ്യമന്ത്രി പിണറായി വിജയനും. 75 വയസ്. പ്രായത്തില്‍ ചെറുപ്പം, ബാലുശേരിയില്‍ നിന്ന് ജനവിധി തേടുന്ന കെ.എം. സച്ചിന്‍ദേവിനാണ്. 27 വയസുകാരനായ സച്ചിന്‍ദേവ് നിലവില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ്.
സിപിഐഎം പട്ടികയില്‍ കൂടുതലുള്ളത് 51 മുതല്‍ 60 വരെ പ്രായവിഭാഗത്തിലുള്ളവരാണ്. 35 പേര്‍. 30 വയസില്‍ താഴെ പ്രായമുള്ള നാലു പേരും പട്ടികയില്‍ ഇടം പിടിച്ചു. ജെയ്ക് സി. തോമസ്, ലിന്റോ ജോസഫ്, പി. മിഥുന എന്നിവരാണ് സച്ചിനെ കൂടാതെ മറ്റു മൂന്നു പേര്‍. 30 നും 40 നും ഇടയില്‍ പ്രായമുള്ള 10 പേര്‍ പട്ടികയിലുണ്ട്. 41 നും 50 നും ഇടയില്‍ പ്രായക്കാരായ 13 പേരും 60 വയസിനു മുകളിലുള്ള 24 പേരും പട്ടികയിലുണ്ട്.
സ്ഥാനാര്‍ഥികളില്‍ 44 പേര്‍ ബിരുദധാരികളാണ്. കെ.ടി. ജലീലും ആര്‍. ബിന്ദുവും പട്ടികയിലെ പിഎച്ച്ഡിക്കാരാണ്. തൃക്കാക്കരയിലെ ജെ. ജേക്കബും ചവറയിലെ വി. സുജിത്ത് വിജയനും മെഡിക്കല്‍ ഡോക്ടര്‍മാരാണ്. ആലുവയിലെ സ്ഥാനാര്‍ത്ഥി ഷെല്‍ന നിഷാദാണ് സിപിഐഎം പട്ടികയിലെ ആര്‍ക്കിടെക്ട്.
തലമുറ മാറ്റത്തിന് വഴിതുറക്കുന്ന കോണ്‍ഗ്രസ് പട്ടികയില്‍ 46 പേര്‍ 50 വയസിന് താഴെ പ്രായമുള്ളവരാണ്. ചരിത്രത്തിലാദ്യമായി പകുതിയോളം സ്ഥാനാര്‍ത്ഥികള്‍ പുതുമുഖങ്ങളാണെന്നതും കോണ്‍ഗ്രസ് പട്ടികയെ ഇത്തവണ വേറിട്ടതാക്കുന്നു. ഇതുവരെ പ്രഖ്യാപിച്ച 86 സ്ഥാനാര്‍ത്ഥികളില്‍ 42 പേരും ബിരുദധാരികളാണ്. 12 പേര്‍ക്ക് ബിരുദാനന്തര ബിരുദവുമുണ്ട്. മൂന്ന് ഡോക്ടര്‍മാരും രണ്ട് പിഎച്ച്ഡിക്കാരും പട്ടികയില്‍ ഇടംപിടിച്ചു. ഒറ്റപ്പാലത്തെ പി.ആര്‍. സരിന്‍, കഴക്കൂട്ടത്തെ എസ്. എസ്. ലാല്‍, ആലപ്പുഴയിലെ കെ. എസ്. മനോജ് എന്നിവരാണ് എംബിബിഎസ് ബിരുദമുള്ള സ്ഥാനാര്‍ത്ഥികള്‍. മാത്യു കുഴല്‍നാടന്‍, പി.ആര്‍. സോന എന്നിവരാണ് പിഎച്ച്ഡിക്കാര്‍.
മെട്രോമാന്‍ ഇ. ശ്രീധരന്‍, സൂപ്പര്‍ താരം സുരേഷ് ഗോപി, മുന്‍ ഡിജിപി ജേക്കബ് തോമസ്, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡേ. കെ. എസ്. രാധാകൃഷ്ണന്‍, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോക്ടര്‍ അബ്ദുസലാം എന്നിവരെല്ലാം ബിജെപി ടിക്കറ്റിലാണ് ജനവിധി തേടുന്നത്.
പ്രതീക്ഷിച്ച വനിതാ പ്രാതിനിധ്യം ഉണ്ടാകാതെ പോയതില്‍ മൂന്ന് മുന്നണികള്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്. 15 വനിതകള്‍ക്ക് ടിക്കറ്റ് നല്‍കി ബിജെപി ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ സിപിഐഎം 12 ഉം കോണ്‍ഗ്രസ് ഒന്‍പത് വനിതകള്‍ക്കുമാണ് തങ്ങളുടെ പട്ടികയില്‍ ഇടം നല്‍കിയത്.
Story Highlights – Curiosity about the age of the candidates kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here