കളമശേരിയില്‍ വി.ഇ.അബ്ദുള്‍ ഗഫൂര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് മുസ്ലീംലീഗ്

കളമശേരിയില്‍ വി.ഇ.അബ്ദുള്‍ ഗഫൂര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് മുസ്ലീംലീഗ്. പാര്‍ട്ടി നിശ്ചയിച്ച ഒരു സ്ഥാനാര്‍ത്ഥിയെയും മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം മാറ്റാറില്ലെന്നും ലീഗ് നേതൃത്വം പറയുന്നു. അതേസമയം, വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ലാ ഭാരവാഹികള്‍ ഇന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ കാണുന്നുണ്ട്.
മുസ്ലീംലീഗ് നേതൃത്വം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. മുസ്ലീംലീഗിന്റെ പതിവ് അനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അതില്‍ പിന്നീട് മാറ്റം ഉണ്ടാകാറില്ല. ഇത്തവണയും ആ നിലപാടില്‍ തന്നെയാണ് മുസ്ലീംലീഗ് നേതൃത്വമുള്ളത്. എത്രവലിയ വിഭാഗീയ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഒരു സ്ഥാനാര്‍ത്ഥിയെയും മാറ്റില്ലെന്നാണ് ലീഗ് നേതൃത്വം ആവര്‍ത്തിക്കുന്നത്.
അതേസമയം, കളമശേരിയില്‍ മുസ്ലീംലീഗില്‍ പൊട്ടിത്തെറി തുടരുകയാണ്. കളമശേരിയിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണം എന്നാവശ്യപ്പെട്ട് മുസ്‌ലീംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഇന്ന് രാവിലെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ കാണും. ജില്ലാ പ്രസിഡന്റ് അബ്ദുള്‍ മജിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ആവശ്യവുമായി മലപ്പുറത്ത് എത്തിയിരിക്കുന്നത്.
വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകനായ അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും പകരം മങ്കട എംഎല്‍എ ടി.എ. അഹമ്മദ് കബീറിനെ കളമശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്നുമാണ് ഇവരുടെ ആവശ്യം.
Story Highlights – Muslim League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here