സൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചെന്ന ആരോപണം; യുവതിയ്ക്കെതിരെ കേസെടുത്ത് പൊലീസ്

Police lady framing Zomato

ബംഗളൂരുവിൽ സൊമാറ്റോ ഡെലിവറി ബോയ് മൂക്കിടിച്ചു തകർത്തു എന്ന പരാതിയിൽ പരാതിക്കാരി ഹിതേഷ ചന്ദ്രാനിക്കെതിരെ കേസെടുത്ത് പൊലീസ്. ഡെലിവറി ബോയ് നൽകിയ പരാതിയിലാണ് പൊലീസ് യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആക്രമണം, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

സംഭവത്തിൽ യുവതി കള്ളം പറയുകയാണെന്ന് സൊമാറ്റോ ഡെലിവറി ബോയ് മൊഴി നൽകിയിരുന്നു. മോതിരം ഇട്ട കൈ കൊണ്ട് യുവതി സ്വയം മുക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് കാമരാജ് ആരോപിച്ചത്. അതേസമയം, താൻ ആക്രമിക്കപ്പെട്ടു എന്ന് ആരോപിച്ച് ട്വീറ്റ് ചെയ്ത വിഡിയോ യുവതി നീക്കം ചെയ്തു. ഇതിനു പിന്നാലെയാണ് ഹിതേഷയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

Read Also : സൊമാറ്റോ ഡെലിവറി ബോയിയെ അനുകൂലിച്ച് പരിനീതി ചോപ്ര; സത്യം കണ്ടെത്താൻ ആവശ്യം

ഈ മാസം 12ന് ഹിതേഷയുടെ പരാതിയിൽ പൊലീസ് കാമരാജിനെ അറസ്റ്റ് ചെയ്തിരുന്നു. സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണം വൈകിയതോടെ താൻ കസ്റ്റമർ കെയറിൽ നിരന്തരം വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഈ സമയത്താണ് കാമരാജ് ഭക്ഷണവുമായി എത്തിയത്. തനിക്ക് ഭക്ഷണം വേണ്ടെന്നും താൻ കസ്റ്റമർ കെയറുമായി സംസാരിക്കുകയാണെന്നും കാമരാജിനോട് പറഞ്ഞു. അപ്പോൾ ഞാൻ നിങ്ങളുടെ അടിമയാണോ എന്ന് ചോദിച്ച് കാമരാജ് തന്നെ മർദ്ദിച്ചു. മൂക്കിൽ നിന്നും ചോര പൊടിയുന്നത് കണ്ടു കാമരാജ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഹിതേഷ ആരോപിച്ചത്.

എന്നാൽ കാമരാജ് പറയുന്നത് ഇങ്ങനെ: ‘ഭക്ഷണം എത്താൻ വൈകിയതിൽ യുവതി ദേഷ്യപ്പെട്ടു. എന്നാൽ ട്രാഫിക് ബ്ലോക്കിൽ പെട്ട് പോയെന്ന് പറഞ്ഞ് ഞാൻ ക്ഷമ ചോദിച്ചു. പക്ഷേ യുവതി കൂട്ടാക്കിയില്ല. ഭക്ഷണത്തിന്റെ പണം നൽകാൻ പറഞ്ഞിട്ടും യുവതി അത് കേട്ടില്ല. കസ്റ്റമർ സർവീസുമായി ബന്ധപ്പെടുകയാണെന്ന് പറഞ്ഞു. ഒടുവിൽ യുവതിയുടെ ഓർഡർ ക്യാൻസലായി. ഭക്ഷണം തിരികെ ഏൽപ്പിക്കാൻ പറഞ്ഞപ്പോൾ യുവതി തയാറായില്ല. തുടർന്ന് ഞാൻ അവിടെ നിന്ന് തിരികെ പോരാൻ ഒരുങ്ങി. കലിയടക്കാനാകാത്ത യുവതി ലിഫ്റ്റിനടുത്ത് വന്ന് എന്നെ ചീത്ത വിളിക്കുകയും, ചെരുപ്പ് വലിച്ചെറിയുകയും ചെയ്തു. എന്നെ അടിക്കാൻ വന്നപ്പോൾ ഞാൻ കൈകൊണ്ട് തടഞ്ഞു. അപ്പോഴാണ് യുവതിയുടെ കൈ എന്റെ കൈയിലിടിച്ചതും മോതിരം മൂക്കിൽ കൊണ്ട് ചോര വന്നതും’.

ഹിതേഷക്ക് നേരെ ഉണ്ടായ അക്രമത്തിൽ തങ്ങൾ ഖേദിക്കുന്നു എന്നും ചികിത്സക്ക് വേണ്ട എല്ലാ സഹായവും നൽകുമെന്ന് സൊമാറ്റോ അറിയിച്ചിരുന്നു. കാമരാജ്‌നെ സൊമാറ്റോയിൽ നിന്നും ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.

Story Highlights – Police book lady for framing Zomato delivery person

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top