ത്രികോണ മത്സരച്ചൂടില്‍ ചാത്തന്നൂര്‍; എ പ്ലസ് മണ്ഡലമായി പരിഗണിച്ച് പ്രചാരണം ശക്തമാക്കി ബിജെപി

കൊല്ലം ജില്ലയില്‍ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് ചാത്തന്നൂര്‍. കഴിഞ്ഞതവണ മണ്ഡലത്തില്‍ രണ്ടാമതായ ബിജെപി ഇത്തവണ എപ്ലസ് മണ്ഡലമായാണ് ചാത്തന്നൂരിനെ പരിഗണിക്കുന്നത്. മൂന്നു മുന്നണികളും ശക്തരായ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ചതോടെ മണ്ഡലത്തിലെ പോരാട്ടം പ്രവചനാതീതമാണ്.

ഏതു മുന്നണി ഭരിക്കുന്നുവോ അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് ദീര്‍ഘകാലം ചാത്തന്നൂര്‍ മണ്ഡലത്തിന്റെ ചരിത്രം. 2006 ലെ തെരഞ്ഞെടുപ്പ് വരെ ആ ചരിത്രം തുടര്‍ന്നുപോന്നു. 2011 ല്‍ തെറ്റി, 2016 ല്‍ വീണ്ടും ചരിത്രമാവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടു തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിപിഐ എംഎല്‍എ ജി.എസ്. ജയലാണ് ഇത്തവണയും ചാത്തന്നൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. പ്രചാരണ രംഗത്ത് വേഗത്തില്‍ മുന്നേറാനുള്ള ശ്രമമാണ് ജയലാലിന്റേത്.

2011 ലെ 3839 വോട്ട് എന്ന നിലയില്‍ നിന്ന് മുപ്പത്തി മൂവായിരത്തിലധികം വോട്ടുനേടി വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ തവണ ബിജെപി മണ്ഡലത്തില്‍ നടത്തിയത്. യുഡിഎഫിനെ പിറകിലാക്കി ബിജെപി മണ്ഡലത്തില്‍ രണ്ടാമതുമെത്തി. കഴിഞ്ഞ തവണ മത്സരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാര്‍ തന്നെയാണ് ഇത്തവണയും ബിജെപിക്കായി രംഗത്തിറങ്ങുന്നത്.

മൂന്നില്‍ നിന്നും ഒന്നിലേക്കെത്താന്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചിരിക്കുന്നത് മണ്ഡലം ഉള്‍പ്പെടുന്ന കൊല്ലം പാര്‍ലമെന്റിനെ പ്രതിനിധീകരിച്ച പീതാംബരക്കുറുപ്പിനെ. മണ്ഡലം പിടിക്കാന്‍ മൂന്നു മുന്നണികളും കച്ച മുറിക്കുമ്പോള്‍ ചാത്തന്നൂര്‍ സാക്ഷ്യം വഹിക്കുക അതി ശക്തമായ ത്രികോണ പോരിനാവും.

Story Highlights – chathannoor constituency

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top