മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; മുംബൈ പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റി

Parambir Singh Police commissioner

മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗിനെ സ്ഥലംമാറ്റി. ഹേമന്ത് നഗ്രാലെ ഐപിഎസ് പുതിയ കമ്മീഷണറായി ചുമതലയേറ്റു. വ്യവസായി മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ വിവാദം തുടരുന്നതിനിടെയാണ് പരംബീർ സിംഗിനെ മാറ്റിയത്.

കേസിൽ മുംബൈ പൊലീസിലെ ഇൻസ്പെക്ടർ സച്ചിൻ വസെയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമെന്ന സൂചനകൾ വരുന്നതിനിടെയാണ് സ്ഥലംമാറ്റമെന്നത് ശ്രദ്ധേയമാണ്. 2017ലെ ക്രിമിനൽ കേസിൽ അന്വേഷണം നേരിടുന്ന സച്ചിൻ വസെയെ സർവീസിൽ തിരിച്ചെടുത്തത് മുൻ ശിവസേന പ്രവർത്തകൻ ആയതുകൊണ്ടാണെന്ന് മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.

ദിവസങ്ങൾക്ക് മുൻപാണ് സച്ചിൻ വാസെയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ അംബാനിയുടെ വീടിന് സമീപം സ്ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്ന് സച്ചിൻ വാസെയുടെ ഓഫിസിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. പരിശോധനയിൽ ലാപ്‌ടോപ്, ഐപാഡ്, മൊബൈൽ ഫോൺ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു.

സച്ചിൻ വാസെ ഉപയോഗിച്ചതായി കരുതുന്ന കാറും എൻഐഎ പിടിച്ചെടുത്തു. സച്ചിൻ വാസെ ഈ കാർ ഉപയോഗിച്ചിരുന്നതായി എൻ.ഐ.എ പറഞ്ഞു. കാറിന്റെ ഉടമസ്ഥനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എൻഐഎ അറിയിച്ചു. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ലൈസൻസ് പ്ലേറ്റ്, നോട്ടെണ്ണൽ മെഷീൻ, അഞ്ച് ലക്ഷം രൂപ, വസ്ത്രങ്ങൾ ഉൾപ്പെടെയാണ് കാറിൽ നിന്ന് കണ്ടെത്തിയത്.

Story Highlights – Hemant Nagrale replaces Parambir Singh as Mumbai Police commissioner

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top