കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കെകെ രാഗേഷ്

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർക്കെതിരെ കെകെ രാഗേഷ് എംപി അവകാശലംഘന നോട്ടീസ് നൽകി. വയനാട്ടിലെ പരിസ്ഥിതിദുർബല പ്രദേശങ്ങൾ നിർണയിച്ച് വിജ്ഞാപനം ഇറക്കിയ വിഷയത്തിൽ രാജ്യസഭയിൽ അങ്ങേയറ്റം തെറ്റിദ്ധാരണജനകമായ മറുപടി നൽകി എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.
കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാർ നിർദേശം സമർപ്പിച്ചില്ലെന്നാണ് മന്ത്രി കഴിഞ്ഞദിവസം മറുപടി നൽകിയത്. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് കരട് വിജ്ഞാപനം ഇറക്കിയതെന്നും മന്ത്രി തെറ്റിദ്ധരിപ്പിച്ചു. വിജ്ഞാപനം ഇറങ്ങിയ ശേഷം അതിനെ ശക്തമായി എതിർത്ത് മുഖ്യമന്ത്രി കത്തയച്ച കാര്യം മന്ത്രി മറച്ചുവയ്‌ക്കുകയും ചെയ്‌തു. സംസ്ഥാന വനം-വന്യജീവി വകുപ്പ് ഭേദഗതി നിർദേശം കേന്ദ്രസർക്കാരിനു യഥാസമയം സമർപ്പിച്ചിട്ടുമുണ്ട്.
മന്ത്രിയുടെ മറുപടി തെറ്റിദ്ധാരണ പടർത്തുന്നതും നിജസ്ഥിതി അറിയാനുള്ള പാർലമെന്റ് അംഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതുമാണ്. സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശത്തിന്റെ കോപ്പി സഹിതമാണ് രാഗേഷ് മന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകിയത്.
Story Highlights – Prakash Javadekar has been issued a notice by KK Ragesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here