ചൊവ്വയിൽ ഓക്സിജന്റെ ഉത്പാദനം; മോക്‌സിയ്ക്ക് സാധ്യമാകുമോ?

ഏതു ഗ്രഹത്തിൽ താമസിക്കണമെങ്കിലും മനുഷ്യർക്ക് ജീവവായുവായ ഓക്സിജനില്ലാതെ പറ്റില്ല. ചൊവ്വയിലും ഇത് തന്നെയാണ് അവസ്ഥ. പക്ഷെ എങ്ങനെ സാധിക്കും. ഭൂമിയിൽ നിന്നും സിലണ്ടറാക്കി കൊണ്ടു പോകുകയെന്നതൊക്കെ ചെലവേറിയ സങ്കീർണ്ണമായ ലക്ഷ്യമാണ്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 0.13 % മാത്രമാണ് ഓക്സിജൻ സാനിധ്യം. പിന്നെയൊരു സാധ്യത ചൊവ്വയിൽ നിന്നു തന്നെ ഓക്സിജൻ ഉത്പാദിപ്പിക്കുക എന്നതാണ്. അന്തരീക്ഷ വായുവിൽ ഓക്സിജൻ കുറവാണെങ്കിലും കാർബൺ ഡയോക്സൈഡ് 96 ശതമാനത്തോളമാണ്.

കാർബൺ ഡയോക്സൈഡിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാൻ കഴിയുമോ? ഇതന്വേഷിക്കുകയാണ് മോക്‌സിയുടെ ദൗത്യം. എന്താണ് ഈ മോക്‌സി? മോക്‌സിയെന്നാൽ മാഴ്‌സ് ഓക്സിജൻ ഇൻ സിറ്റു റിസോർസ് യൂട്ടലൈസേഷൻ എക്സ്പിരിമെന്റ. കഴിഞ്ഞ മാസം ചൊവ്വയിലേക്ക് നാസ വിക്ഷേപിച്ച പേഴ്സിവീയറൻസ് റോവറിന്റെ അനേകം ശാസ്ത്ര അന്വേഷണങ്ങളിൽ ഒന്നാണ് മോക്‌സി എന്ന ഉപകരണം ഉപയോഗിച്ച് നടപ്പാക്കുന്നത്. റോവറിന്റെ ഹൃദയ ഭാഗത്തായി ഒരു സ്വർണ്ണ നിറമുള്ള പെട്ടി രൂപത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. 17.1 കിലോയാണ് ഭാരം.

ചൊവ്വയിലിറങ്ങിയതിന് ശേഷം പേഴ്സിവീയറൻസ് അതിന്റെ ജോലികളിലേക്ക് കടക്കാനൊരുങ്ങിയിരിക്കുകയാണ്. ആഴ്ചകൾക്കുള്ളിൽ മോക്‌സിയെ റോവർ പ്രവർത്തിപ്പിച്ചു തുടങ്ങും. ഭൂമിയിൽ ഒരു വൃക്ഷം ചെയ്യുന്ന ജോലിയാകും മോക്‌സി ചൊവ്വയിൽ ചെയ്യാൻ പോകുന്നത്. കാർബൺ ഡയോക്‌സൈഡിനെ ഉള്ളിലേക്ക് എടുത്ത ശേഷം ഓക്സിജനെ പുറംന്തള്ളുക. പേഴ്സിവീയറൻസ് റോവറിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ചൂടുണ്ടാക്കി കാർബൺ ഡയോക്‌സൈഡിനെ കാർബൺ മോണോക്‌സൈഡും ഓക്സിജനുമാക്കി മാറ്റിയാണ് മോക്‌സിയുടെ പ്രവർത്തനം.

മണിക്കൂറിൽ 10 ഗ്രാം ഓക്സിജൻ മോക്‌സി ഉല്പാദിപ്പിക്കും. പക്ഷെ ഒട്ടേറെ പ്രതിസന്ധികളും ഈ ദൗത്യത്തിൽ മോക്‌സിക്കു തരണം ചെയ്യേണ്ടി വരും. അതിലൊന്ന് ചൊവ്വയിൽ നിരന്തരം മാറുന്ന കാലാവസ്ഥയാണ്. ചിലപ്പോൾ വളരെയേറെ ചൂടുകൂടിയ നിലയിലാകാം, അന്തരീക്ഷത്തിൽ അപ്പോൾ സാന്ദ്രത കുറയും. ഇനി ഇതിന്റെ നേർവിപരീതമായ കൊടും തണുപ്പുള്ള സമയം അന്തരീക്ഷത്തിലെ കാർബൺ ഡൈയോക്സൈഡ് ആലിപ്പഴം പോലെ പൊഴിഞ്ഞു വീഴുകയും ചെയ്യും. ഡ്രൈ ഐസ് എന്ന രൂപത്തിൽ.

ഭാവിയിൽ ഇവിടെ എത്തുന്നവർക്ക് ശ്വസിക്കാനുള്ള ഉപാധി എന്ന നിലയിൽ മാത്രമല്ല ഓക്സിജന് ഉപയോഗമുണ്ടാകുകയെന്നു ഗവേഷകർ പറയുന്നു. നിലവിലുള്ള മോക്‌സി ഒരു പരീക്ഷണ ഉപകരണം മാത്രമാണ്. ഇത് വിജയിച്ചാൽ ഭാവിയിൽ ഇപ്പോഴത്തെ മോക്‌സിയുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മികച്ച ഉപകരണങ്ങളെത്തും. ഇവ ടൺ കണക്കിന് ഓക്സിജൻ ഉത്പാദിപ്പിക്കുകയും ചെയ്യും.
Story Highlights – Moxie On NASA’S Perseverance Rover Will Turn Carbon Dioxide Into Oxygen On Mars
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here