ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപയാക്കും; വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; എല്‍ഡിഎഫ് പ്രകടന പത്രിക

ക്ഷേമ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയാക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത് എല്‍ഡിഎഫ് പ്രകടന പത്രിക. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കും. കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കും. ആരോഗ്യ വിദ്യാഭ്യാസമേഖലയെ ലോകോത്തരമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
എകെജി സെന്ററില്‍ നടന്ന ചടങ്ങിലാണ് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
പൊതുമേഖലയെ സംരക്ഷിക്കുന്നതിനും സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള സമീപനവും പ്രകടന പത്രികയിലുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് പതിനായിരം കോടി രൂപയുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്. സൂക്ഷ്മ ചെറുകിട – ഇടത്തരം വ്യവസായ മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പ്രത്യേക സ്‌കീമുകള്‍ തയാറാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
Read Also : 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി എല്‍ഡിഎഫ് പ്രകടന പത്രിക
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടതുമുന്നണി നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനക്ഷേമപ്രവര്‍ത്തനവുമാണ് എല്‍ഡിഎഫിന് കരുത്താകുന്നതെന്ന് എ. വിജയരാഘവന്‍ പ്രകടന പത്രിക പുറത്തിറക്കി പറഞ്ഞു. ജനക്ഷേമ പരിപാടികള്‍ക്കൊപ്പം മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. ഇടതുസര്‍ക്കാരിന് തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷയോളം വളരാന്‍ സാധിക്കുന്ന പ്രകടന പത്രികയാണ് തയാറാക്കിയിരിക്കുന്നത്.
രണ്ട് ഭാഗമായാണ് പ്രകടന പത്രിക രൂപീകരിച്ചിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് രൂപീകരിച്ചിരിക്കുന്നത്. ഇതിന് തുടര്‍ച്ചയായി 900 നിര്‍ദ്ദേശങ്ങളുമുണ്ട്. ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. നാല്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങളാണ് ഈ പ്രകടനപത്രികയിലുള്ളതെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
Story Highlights – Welfare pensions to be increased to Rs 2500
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here