കൊല്ലത്ത് വാശിയേറിയ പോരാട്ടം; ‘ഗസ്റ്റ് എംഎല്‍എ’ വാദത്തിന് മറുപടിയുമായി മുകേഷ്; പ്രതീക്ഷയുമായി ബിന്ദു കൃഷ്ണ

സ്ഥാനാര്‍ത്ഥികള്‍ പ്രചാരണരംഗത്ത് സജീവമായതോടെ കൊല്ലം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് വാശിയേറി. തീര മേഖലകളാല്‍ സമ്പന്നമായ കൊല്ലം മണ്ഡലത്തില്‍ ആഴക്കടല്‍ മത്സ്യബന്ധന വിവാദം തന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണായുധം. വികസനം ചര്‍ച്ചയാക്കി പ്രതിരോധിക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം.

ഏറെക്കാലം യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് . പക്ഷേ 2006 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണയും മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സിപിഐഎം എംഎല്‍എമാരാണ്. കഴിഞ്ഞ തവണ സിനിമാതാരം എം മുകേഷിനെ രംഗത്തിറക്കിയ സിപിഐഎമ്മിന്റെ പരീക്ഷണം വിജയിച്ചു.

ഒരിക്കല്‍ കൂടി മുകേഷിനെ അവതരിപ്പിക്കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം. ഗസ്റ്റ് എംഎല്‍എ എന്ന പരിഹാസങ്ങള്‍ക്ക് ഉള്‍പ്പെടെ മുകേഷിന് മറുപടിയുണ്ട്. അങ്ങനെ പറയുന്നവരോട് വിഷമമേയുള്ളൂ. അഞ്ച് വര്‍ഷം മുന്‍പ് പറഞ്ഞ കാര്യങ്ങളാണ് പിന്നെയും പറയുന്നത്. 1330 കോടിയുടെ വികസനം എങ്ങനെ വന്നു? പ്രവര്‍ത്തിച്ചതിനാലാണ് എണ്ണിയെണ്ണി പറയാന്‍ വികസനം വന്നതെന്നും മുകേഷ്.

യുഡിഎഫിന് സ്ഥാനാര്‍ഥിയെത്താന്‍ ഏറെ വൈകി. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള വിവാദങ്ങളും യുഡിഎഫിനെ പ്രതിരോധത്തിലാക്കി. വളരെ പ്രതീക്ഷയുണ്ടെന്ന് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ പറഞ്ഞു. എംഎല്‍എയുടെ സാന്നിധ്യം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് അവര്‍ തെരഞ്ഞെടുത്ത ജനപ്രതിനിധി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനോ ആവശ്യങ്ങളില്‍ ഓടിയെത്തുവാനോ തയാറായില്ല. ജനപ്രതിനിധി വല്ലപ്പോഴും വരുന്ന അതിഥിയെ പോലെ പ്രവര്‍ത്തിച്ചു. അതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ബിജെപിക്കായി എം സുനിലാണ് പോരിനിറങ്ങുന്നത്. കഴിഞ്ഞ തവണ പതിനേഴായിരത്തിലധികം വോട്ട് നേടി ബിജെപി ശക്തി അറിയിച്ചിരുന്നു. ഇത്തവണയും ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ആണ് ബിജെപി ശ്രമം.

Story Highlights- assembly elections 2021, bindu krishna, mukesh, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top