ശ്രീലങ്കക്കെതിരെ ത്രസിപ്പിക്കുന്ന ജയം; റോഡ് സേഫ്റ്റി സീരീസ് ഇന്ത്യൻ ലെജൻഡ്സിന്

india won road safety

റോഡ് സേഫ്റ്റി വേൾഡ് സീരീസിൻ്റെ പ്രഥമ പതിപ്പിൽ ചാമ്പ്യന്മാരായി ഇന്ത്യൻ ലെജൻഡ്സ്. ഫൈനലിൽ ശ്രീലങ്കയെ 14 റൺസിനു കീഴ്പ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 181 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി യൂസു പത്താനും യുവരാജ് സിംഗും ഫിഫ്റ്റി നേടി. ശ്രീലങ്കക്കായി സനത് ജയസൂര്യ (43), ചിന്തക ജയസിംഗെ (40), കൗശല്യ വീരരത്നെ (38) എന്നിവർ തിളങ്ങി. ഇന്ത്യക്ക് വേണ്ടി യൂസുഫ് പത്താനും ഇർഫാൻ പത്താനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിൽ പതറി. ശ്രീലങ്കൻ ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ മൂന്നാം ഓവറിൽ സെവാഗ് (10) പുറത്ത്. സെവാഗിനെ ഹെറാത്ത് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ബദരിനാഥ് (7) ജയസൂര്യയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. റൺസ് ഉയർത്താനുള്ള ശ്രമത്തിനിടെ സച്ചിനും (30) മടങ്ങി. സച്ചിനെ മഹ്റൂഫാണ് പുറത്താക്കിയത്.

നാലാം വിക്കറ്റിൽ യുവരാജ്-യൂസുഫ് പത്താൻ സഖ്യം ഒരുമിച്ചതോടെ റണ്ണൊഴുകി. ബൗണ്ടറികൾ അടിക്കാൻ മത്സരിച്ച ഇരുവരും ചേർന്ന് 85 റൺസാണ് കൂട്ടിച്ചേർത്തത്. ഇരുവരും ഫിഫ്റ്റിയടിച്ചു. 41 പന്തുകളിൽ 60 റൺസെടുത്ത യുവരാജിനെ വീരരത്നെ പുറത്താക്കി. 36 പന്തിൽ 62 റൺസെടുത്ത യൂസുഫ് പത്താനും 8 റൺസെടുത്ത ഇർഫാൻ പത്താനും പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക അനായാസമാണ് തുടങ്ങിയത്. ആദ്യ വിക്കറ്റിൽ ജയസൂര്യ-ദിൽഷൻ സഖ്യം 62 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ദിൽഷനെ (21) പുറത്താക്കിയ യൂസുഫ് പത്താൻ ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. ചമര സിൽവ (2), ഉപുൽ തരംഗ (13) എന്നിവർ ഇർഫാൻ പത്താനു മുന്നിൽ കീഴടങ്ങിയപ്പോൾ അപകടകാരിയായ ജയസൂര്യയെ (35 പന്തിൽ 43) പുറത്താക്കിയ യൂസുഫ് പത്താൻ ഇന്ത്യക്ക് മുൻതൂക്കം നൽകി.

അഞ്ചാം വിക്കറ്റിൽ ചിന്തക ജയസിംഗെ-കൗശല്യ വീരരത്നെ സഖ്യം ശ്രീലങ്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇന്ത്യൻ ബൗളർമാരെ നാലുപാടും പായിച്ച സഖ്യം മിന്നൽ വേഗത്തിലാണ് സ്കോർ ചെയ്തത്. വീരരത്നെയായിരുന്നു കൂടുതൽ അപകടകാരി. അനായാസം ബൗണ്ടറി ക്ലിയർ ചെയ്ത താരം ഇന്ത്യൻ ക്യാമ്പിനെ ഭീതിയിലാക്കി. എന്നാൽ 19ആം ഓവറിൽ വീരരത്നെയെ പുറത്താക്കിയ മൻപ്രീത് ഗോണിക്ക് ഇന്ത്യക്ക് വീണ്ടും മുൻതൂക്കം നൽകി. 15 പന്തുകളിൽ 38 റൺസെടുത്ത വീരരത്നെ 64 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് മടങ്ങിയത്. അവസാന ഓവറിൽ 24 റൺസ് ആയിരുന്നു ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം. എന്നാൽ, 9 റൺസ് മാത്രമേ അവർക്ക് എടുക്കാനായുള്ളൂ. അഞ്ചാം പന്തിൽ ചിന്തക ജയസിംഗെ (30 പന്തുകളിൽ 40) റണ്ണൗട്ടായപ്പോൾ അവസാന പന്തിൽ ഫർവേസ് മഹ്റൂഫ് (0) പുറത്തായി.

Story Highlights- india won road safety world series

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top