Advertisement

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും

March 21, 2021
Google News 1 minute Read

കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും കടക്കുന്നു. നിലവിലെ കക്ഷിനില പ്രകാരം ഇടതുമുന്നണിക്ക് രണ്ട് പേരെയും യുഡിഎഫിന് ഒരാളെയും ജയിപ്പിക്കാനാവും.

ഏപ്രില്‍ 12 നു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സീറ്റ് മുസ്ലിം ലീഗിനാണ്. പി വി അബ്ദുല്‍ വഹാബ് തന്നെ വീണ്ടും മത്സരിക്കുമെന്നുറപ്പായി. ഇടത് മുന്നണിയുടെ രണ്ട് പേര്‍ ആരാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. രണ്ടു സീറ്റും സിപിഐഎം ഏറ്റെടുക്കാനാണ് സാധ്യത. ഒരു സീറ്റില്‍ കെ കെ രാഗേഷിനെ തന്നെ വീണ്ടും മത്സരിപ്പിച്ചേക്കും.

Read Also : പെട്രോൾ-പാചകവാതക വില വർദ്ധനവിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം; രാജ്യസഭാ നടപടികൾ സ്തംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യവും ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ രാഗേഷ് വഹിച്ച നേതൃപരമായ പങ്കുമാണ് വീണ്ടും പരിഗണിക്കാനുള്ള ഘടകങ്ങള്‍. രണ്ടാമത്തെ സീറ്റ് ആര്‍ക്കെന്നതാണ് ശ്രദ്ധേയം. സിപിഐഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ പരിഗണിക്കുമെന്ന് കരുതുന്നവരുണ്ട്.

തോമസ് ഐസക്കിനെ രാജ്യസഭയില്‍ അയക്കുന്നത് നല്ലതെന്നു കരുതുന്നവരും സിപിഐഎം നേതൃത്വത്തിലുണ്ട്. കിസാന്‍ സഭ ദേശീയ നേതാവും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ വിജു കൃഷ്ണന്‍, ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഖ്യമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് എന്നിവരും സിപിഐഎം സാധ്യതാ പട്ടികയിലുണ്ട്. രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും നിര്‍ണായകമാണ്.

എന്‍സിപിയിലെത്തിയ പി സി ചാക്കോയെ ഇത്തവണ ഇടതു മുന്നണി പരിഗണിക്കില്ല. ഇടതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ജോസ് കെ മാണി ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് പി സി ചാക്കോയെ പരിഗണിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമേ രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കൂ എന്ന പ്രതീക്ഷയിലായിരുന്നു മുന്നണികള്‍. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാംഗങ്ങള്‍ക്ക് രാജ്യസഭയിലേക്കു കൂടി വോട്ടു ചെയ്യാം.

Story Highlights- rajya sabha, ldf, udf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here