എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ കൊതിപ്പിച്ച്, നെഞ്ചിടിപ്പേറ്റി വര്‍ക്കല മണ്ഡലം

ഒരുമുന്നണിയോടും പ്രത്യേക ചായ്‌വോ നീരസമോ പ്രകടിപ്പിക്കാത്ത മണ്ഡലമാണ് വര്‍ക്കല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ കൊതിപ്പിക്കുന്നതും മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നതും ഈയൊരു ഘടകം തന്നെയാണ്. സാമുദായിക സമവാക്യങ്ങള്‍ നിര്‍ണായകമായ വര്‍ക്കലയുടെ മനസ് ഇത്തവണ തങ്ങള്‍ക്കനുകൂലമാക്കാനുള്ള തന്ത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും.
വര്‍ക്കല കഹാര്‍ എന്ന കരുത്തനായ കോണ്‍ഗ്രസ് നേതാവ് 2001 ലും 2006ലും 2011ലും തുടര്‍ച്ചയായി അശ്വമേധം നടത്തി കുത്തകയാക്കിയ വര്‍ക്കലയെ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ഇടതോരം ചേര്‍ത്തുനിര്‍ത്താന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി. 2386 വോട്ടുകള്‍ക്കാണ് സിപിഐഎമ്മിലെ വി. ജോയി വര്‍ക്കലയില്‍ അട്ടിമറി നടത്തിയത്. ഇത്തവണയും ജോയി തന്നെയാണ് ഇടതുമുന്നണിയുടെ തുറുപ്പ്ചീട്ട്. വര്‍ഷങ്ങളോളം സിപിഐഎമ്മിന്റെ വര്‍ക്കല രാധാകൃഷ്ണനെ തുണച്ചത് പോലെ മണ്ഡലം ഇനിയും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാമ്പ്.
പുതുമുഖവും യുവനേതാവും ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ സ്ഥിരം മുഖവുമായ ബി.ആര്‍.എം. ഷെഫീറിനെ ഇറക്കി മണ്ഡലത്തെ തിരിച്ചുപിടിക്കാനാണ് യുഡിഎഫിന്റെ ശ്രമം. വര്‍ക്കല കഹാര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തുണക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.
സീറ്റ് ബിഡിജെഎസിന് നല്‍കിയതിനെതിരെ പ്രാദേശിക ബിജെപിയില്‍ പ്രതിഷേധം ശക്തമാണ്. തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും വിജയം ഉറപ്പെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജി എസ്. ആര്‍. എം. പറയുന്നു. അടിയൊഴുക്കുകളും സാമുദായിക സമവാക്യങ്ങളും, ഇടഞ്ഞ് നില്‍ക്കുന്ന ബിജെപി വോട്ടുകളുമാകും വര്‍ക്കലയില്‍ ഇത്തവണ വിധി നിശ്ചയിക്കുക.
Story Highlights- assembly election 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here