പാറക്കൽ അബ്ദുള്ള എംഎൽഎയും പികെ കുഞ്ഞാലിക്കുട്ടിയും വഞ്ചിച്ചതായി ലീഗിന്റെ മുൻ നേതാവ്

മുസ്ലിം ലീഗ് നേതാക്കളായ പാറക്കൽ അബ്ദുള്ള എംഎൽഎയും പികെ കുഞ്ഞാലിക്കുട്ടിയും വഞ്ചിച്ചതായി ലീഗിന്റെ മുൻ നേതാവ്. അറബിക് മുൻഷി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും മുൻ മഞ്ചേശ്വരം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയുമായിരുന്ന കണ്ണൂർ അബ്ദുല്ലയാണ് മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പാവപ്പെട്ടവരെ വഞ്ചിക്കുന്ന ലീഗ് നേതാക്കളുടെ തനിനിറം ജനങ്ങൾ അറിയണമെന്നും കുഞ്ഞാലിക്കുട്ടി പച്ചയായ വഞ്ചനയാണ് തന്നോടും മകനോടും ചെയ്തതെന്നും കണ്ണൂർ അബ്ദുല്ല പറഞ്ഞു.
പാറക്കൽ അബ്ദുള്ളയുടെ സഹോദരന്റെ മക്കളായ വടകര കുന്നുമ്മക്കര തൊടിയിൽ ഹൗസിൽ സിറാജ്, മാഹി അഴിയൂരിലെ ഫസൽ റഹ്മാൻ എന്നിവർ അബ്ദുള്ളയുടെ മകൻ മുഹമ്മദ് ഇർഷാദിൽ നിന്ന് ഒരു കോടി പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുയർന്നിരിക്കുന്നത്. വിഷയത്തിൽ ഇടപെട്ടു പണം വാങ്ങിത്തരാമെന്ന് ഉറപ്പ് നൽകി വഞ്ചിക്കുകയായിരുന്നുവെന്ന് കണ്ണൂർ അബ്ദുള്ള പറഞ്ഞു. 2012ൽ ഖത്തറിൽ ഒരു ബസിനസ് സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഇർഷാദ് സഹപ്രവർത്തകരിൽ നിന്നും ബന്ധുക്കളിൽനിന്നും സമാഹരിച്ചു നൽകിയ പണം തിരിച്ചുകിട്ടാതെ വന്നപ്പോൾ പലതവണ പാണക്കാട് ബന്ധപ്പെടുകയും മുസ്ലിംലീഗിന്റെ നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ഏഴ്വർഷം ലീഗ് നേതാക്കളുടെ പിന്നാലെ നടന്നു ഫലമില്ലാതെ വന്നപ്പോൾ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ എം സി ഖമറുദ്ദിനെതിരെ മൽസരിക്കാൻ നാമനിർദേശ പത്രിക നൽകിയിരുന്നുവെന്നും അപ്പോഴാണ് പികെ കുഞ്ഞാലിക്കുട്ടി തന്നെ വിളിച്ചുവരുത്തി ചർച്ചക്ക് തയ്യാറായതെന്നും കണ്ണൂർ അബ്ദുള്ള പറഞ്ഞു.
കുഞ്ഞാലിക്കുട്ടി നൽകിയ ഉറപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിച്ചിട്ടും ഫലമുണ്ടായില്ല. വാക്കിന് ഉറപ്പില്ലാത്ത സമീപനമാണ് കുഞ്ഞാലിക്കുട്ടി തന്നോട് കാണിച്ചതെന്നും കണ്ണൂർ അബ്ദുള്ള കുറ്റപ്പെടുത്തി. ഉപതിരഞ്ഞെടുപ്പിന് ശേഷം പല തവണ നേരിട്ട് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഫോണിൽ വിളിക്കുമ്പോൾ കുഞ്ഞാലിക്കുട്ടിയുടെ കൂടെയുള്ളവർ ഇപ്പോൾ ഭീഷണി മുഴക്കുകയാണെന്ന് കണ്ണൂർ അബ്ദുള്ളയുടെ കുടുംബം ആരോപിക്കുന്നു.
Story Highlights- Parakal Abdullah and PK Kunhalikutty cheated former muslim league leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here