Advertisement

വിജയിച്ചാൽ ഒരു കോടി രൂപയും, മൂന്ന് നില വീടും, ഹെലികോപ്റ്ററും ! ഈ സ്ഥാനാർത്ഥിയുടെ വാഗ്ദാനങ്ങൾ അൽപം വിചിത്രമാണ്

March 26, 2021
Google News 1 minute Read
thulam saravanan viral manifesto

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നാടിന് വേണ്ടി ചെയ്യുന്നതെന്തെല്ലാമാണെന്ന നെടുനീളൻ പട്ടികയാണ് ഓരോ പാർട്ടിയുടേയും പ്രകടന പത്രിക. പെൻഷൻ ഉയർത്തുക, വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് തുടങ്ങിയ കാര്യങ്ങളാണ് സാധാരണ ഗതിയിൽ ഈ പ്രകടനപത്രികയിൽ ഇടംനേടുന്നത്. എന്നാൽ വോട്ട് ചെയ്ത് ജയിപ്പിച്ചാൽ മൂന്ന് നില വീടും, പ്രതിവർഷം ഒരു കോടി രൂപയും വാഗ്ദാനം ചെയ്താലോ ? ലിസ്റ്റ് തീർന്നില്ല…ഒരു മിനി ഹെലികോപ്റ്റർ, വിവാഹാവശ്യത്തിന് സ്വർണം, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാൻ റോബോട്ട്, ഓരോ കുടുംബത്തിനും ബോട്ട്, മണ്ഡലത്തിലെ ചൂട് കുറയ്ക്കാൻ 300 അടിയുള്ള കൃത്രിമ മഞ്ഞുമല, റോക്കറ്റ് ലോഞ്ച് പാഡ്, ബഹിരാകാശ നിലയം…ഇങ്ങനെ പോകുന്നു പട്ടിക..!

തമിഴ് നാട്ടിലെ സ്വതന്ത്ര സ്ഥാനാർത്ഥി തുലാം ശരവണന്റേതാണ് ഈ പ്രകടന പത്രിക. പ്രകടന പത്രിക കണ്ട പലരും ഞെട്ടിയെന്ന് ഉറപ്പ്. എന്നാൽ ഒരിക്കലും നടപ്പാവാത്ത ഈ പ്രകടനപത്രികയ്ക്ക് പിന്നിൽ ഒരു സദുദ്ദേശമുണ്ട്. സ്ഥാനാർത്ഥികളുടെ വാഗ്ദാനം കണ്ട് വോട്ട് ചെയ്യാതെ നേതൃഗുണവും നിലപാടും കണ്ട് വേണം വോട്ട് ചെയ്യാൻ എന്ന ഗുണപാഠമാണ് ഈ വേറിട്ട പ്രകടനപത്രിക മുന്നോട്ട് വയ്ക്കുന്നതിലൂടെ തുലാം ശരവണൻ മുന്നോട്ടുവയ്ക്കുന്നത്.

മധുര സൗത്ത് മണ്ഡലത്തിൽ നിന്നാണ് തുലാം മത്സരിക്കുന്നത്. തുലാമിന്റെ ചിഹ്നം ചവിറ്റുകൊട്ടയാണ്. ഈ ചിഹ്നം തെരഞ്ഞെടുത്തതിന് പിന്നിലുമുണ്ട് ഒരു കാരണം. ഇത്തരം പൊള്ളയായ വാഗ്ദാനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്യുന്നവരുടെ വോട്ട് ചവിറ്റുകൊട്ടയിലേക്കാണ് പോവുകയെന്നത് പ്രതിനിധാനം ചെയ്യുന്നതാണ് ചിഹ്നം.

താൻ പ്രചാരണത്തിനായി പണം മുടക്കിയില്ലെന്നും, സുഹൃത്തുക്കളും കുടുംബവുമാണ് നവമാധ്യമങ്ങളിലൂടെ തനിക്കായി പ്രചാരണം നടത്തുന്നതെന്നും തുലാം പറഞ്ഞു. താൻ വിജയിച്ചില്ലെങ്കിലും തന്റെ സന്ദേശം ജനങ്ങൾ അംഗീകരിച്ചുവെന്നും, അത് വിജയമായാണ് കണക്കാക്കുന്നതെന്നും തുലാം കൂട്ടിച്ചേർത്തു.

Story Highlights- thulam saravanan viral manifesto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here