ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മികച്ച വോട്ടിംഗ് ശതമാനവുമായി അസമും ബംഗാളും

west bengal election

വ്യാപക അക്രമങ്ങള്‍ക്ക് ഇടയിലും ശക്തമായി വിധിയെഴുതി ആദ്യ ഘട്ടത്തില്‍ പശ്ചിമ ബംഗാളും അസമും. 82 ശതമാനം പേര്‍ ബംഗാളിലും 76.9 ശതമാനം പേര്‍ അസമിലും സമ്മതിദാന അവകാശം വിനിയോഗിച്ചു. രണ്ടിടത്തും ജനവിധി തങ്ങള്‍ക്ക് അനുകൂലമാകും എന്നാണ് ബിജെപി, തൃണമുള്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ആവകാശവാദം.

ഇന്ന് വോട്ടെടുപ്പ് നടന്ന 30 മണ്ഡലങ്ങളില്‍ 27 മണ്ഡലവും തൃണമൂലിന്റെ സിറ്റിംഗ് സീറ്റാണ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ ബംഗാളില്‍ വ്യാപകമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുരളിയയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ എത്തിച്ച ബസ് രാവിലെ അജ്ഞാതര്‍ അഗ്നിക്കിരയാക്കി. സത്സത് മാളില്‍ ഉണ്ടായ വെടിവയ്പില്‍ രണ്ട് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു.

Read Also : വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; ബിജെപി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി

സല്‍മോനി നിയോജക മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് നേരെയും ആക്രമണം ഉണ്ടായി. നന്ദിഗ്രാമിലെ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ സഹോദരന്‍ സൗമേന്ദു അധികാരിക്ക് നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. കാന്തി മണ്ഡലത്തില്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് തന്നെ തടഞ്ഞതായാണ് സൗമേന്ദുവിന്റെ പരാതി.

എന്നാല്‍ മിഡ്‌നാപൂര്‍ അടക്കമുള്ള ജില്ലകളില്‍ ബിജെപി ബൂത്ത് കൈയറ്റം അടക്കം നടത്തിയതായി തൃണമുല്‍ കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിച്ചു. പ്രധാന മന്ത്രി ബംഗ്ലാദേശിലെ മദുവ സമുദായാംഗങ്ങളെ കണ്ടതും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് പാര്‍ട്ടി നിലപാട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട തൃണമുള്‍ കോണ്‍ഗ്രസ് എംപിമാര്‍ ഈ വിഷയത്തില്‍ നിവേദനം നല്‍കി.

അസമില്‍ ശക്തമായ വിധിയെഴുത്താണ് രാവിലെ മുതല്‍ 47 മണ്ഡലങ്ങളിലും നടന്നത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍ ദിബ്രുഗഡ് നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസ് നേതാവ് ഗൊരവ് ഗഗോയ് ജോര്‍ഹട്ട് മണ്ഡലത്തിലും വോട്ട് ചെയ്തു. സംസ്ഥാനത്ത് ബിജെപി 100ല്‍ അധികം സീറ്റുകളുമായി അധികാരത്തിലെത്തും എന്ന് സര്‍ബാനന്ദ സോനോബാളും കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങി എത്തും എന്ന് ഗൌരവ് ഗഗോയിയും അവകാശപ്പെട്ടു.

ബംഗാളിലെയും അസമിലെയും രണ്ടാം ഘട്ട വോട്ടെടുപ്പ് എപ്രില്‍ ഒന്നിനാണ്. ഇതിനായുള്ള പരസ്യ പ്രചരണം ചൊവ്വാഴ്ച അവസാനിക്കും.

Story Highlights- asam, west bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top