ഇന്ത്യയുടെ കടലും കരയും സംരക്ഷിക്കാൻ ജിഐസാറ്റ് -1 , വിക്ഷേപണം ഏപ്രിൽ 18 ന്

ഭൗമ നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹം ജിഐസാറ്റ് -1 വിക്ഷേപണം മാർച്ച് 28 ൽ നിന്ന് ഏപ്രിൽ 18 ലേക്ക് മാറ്റി. ജിഎസ്എൽവി- എഫ് 10 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം.

ഇന്ത്യൻ ഉപഭൂഖണ്ഡ നിരീക്ഷണം, പ്രകൃതി ദുരന്ത – ഭൂപ്രകൃതി അവലോകനം, അതിർത്തി സംരക്ഷണം എന്നിവയാണ് ലക്ഷ്യം. 2020 മാർച്ച് 5 ന് വിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്ന ദൗത്യം സാങ്കേതിക തകരാറുകളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. കാലാവസ്ഥ സാഹചര്യങ്ങൾക്ക് വിധേയമായാണ് മാർച്ച് 28 ലെ വിക്ഷേപണം മാറ്റിവെച്ചതെന്ന് ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്‌റോ അറിയിച്ചു. ഇതോടൊപ്പം തന്നെ ഉപഗ്രഹവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

2268 കിലോയാണ് ജിഐസാറ്റിന്റെ ഭാരം. 30 മിനിറ്റ് ഇടവേളയിൽ ശരാശരി 50 മീറ്റർ സ്‌പേഷ്യൽ റെസലൂഷ്യൻ ഉള്ള ദൃശ്യങ്ങൾ ആണ് ജിഐസാറ്റിൽ നിന്നും ലഭിക്കുക. ഇന്ത്യയുടെ കര, സമുദ്രാതിർത്തിയിലെ സൂഷ്മമായ കാര്യങ്ങൾ പോലും കണ്ടെത്താൻ ഈ ദൃശ്യങ്ങൾ വഴി കഴിയും. 7 വർഷമാണ് കാലാവധി. മൾട്ടി, ഹൈപ്പർ സ്പെക്ട്രൽ ഇമേജർ, 700 മി.മി റിച്ചെ – ക്രേഷ്യൻ ടെലിസ്കോപ് ഹൈ – റെസലൂഷൻ ക്യാമറ എന്നിവയും ഉപഗ്രഹത്തിലുണ്ട്.

ഭൂസ്ഥിര ഭ്രമണപഥം ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ ഉയരത്തിലാണ്. ഭൂമിയുടെ ഭ്രമണത്തിനു സമാനമായാണ് ഉപഗ്രഹവും കറങ്ങുക. അതുകൊണ്ട് തന്നെ ജിഐസാറ്റ് ഉപയോഗിച്ച് ഇന്ത്യയുടെ തത്സമയദൃശ്യം തുടർച്ചയായി പകർത്താം. രാത്രിയിൽ ഇൻഫ്രാറെഡ് തെർമൽ ഇമേജിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും ദൃശ്യങ്ങൾ പകർത്തുക. അതെ സമയം മേഘങ്ങൾ ജി ഐസാറ്റിന്റെ കാഴ്ച മറക്കും. അതിർത്തിയിലെ നിരീക്ഷണത്തിന് പുറമെ പ്രകൃതി ദുരന്തങ്ങൾ , കാലാവസ്ഥ വിശകലനം എന്നിവയ്ക്കും ജിഐസാറ്റ് പ്രയോജനപ്പെടും.

കഴിഞ്ഞ വർഷം മാർച്ച് 5 ന് വിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്ന ഉപഗ്രഹം അവസാന നിമിഷം ഉന്നതതല ഇടപെടലിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ജിഐസാറ്റിന്റെ ശേഷിയെക്കുറിച്ചു ബോധ്യമുള്ള യു എസിന്റെ എതിർപ്പിനെതുടർന്നാണു വിക്ഷേപണം മാറ്റിയതെന്ന് അന്ന് വാർത്തകൾ വന്നെങ്കിലും സാങ്കേതിക കാരണങ്ങളെത്തുടർന്നെന്നായിരുന്നു ഇസ്‌റോയുടെ വിശദീകരണം.

ഉപഗ്രഹത്തിലെ സെൻസറുകളിൽ ഉപയോഗിച്ച ഘടകങ്ങൾ തങ്ങളുടെ താത്പര്യത്തിനു വിരുദ്ധമാണെന്ന അമേരിക്കയുടെ കടുംപിടിത്തത്തെ തുടർന്നാണു വിക്ഷേപണം മാറ്റിയതെന്നും വാർത്തകളുണ്ടായിരുന്നു. ഉപഗ്രഹത്തിന്റെ ഘടനയിൽ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ഇപ്പോൾ വിക്ഷേപണത്തിന് ഒരുക്കിയിരിക്കുന്നത്.

Read Also : നിസാർ ദൗത്യം; കൈകോർത്ത് നാസയും ഇസ്‌റോയും, സഹകരണം പ്രകൃതിയിലെ വിഭവങ്ങളുടെ സംരക്ഷണത്തിന് സഹായകരമെന്ന് അമേരിക്ക

ഒരു വർഷത്തോളം വൈകിയതിൽ ഉപഗ്രഹത്തിന്റെ പ്രവർത്തനം പരിശോധിക്കാൻ പല തരത്തിലുള്ള പരിശോധനകൾ നടത്തിയെന്ന് ഇസ്‌റോ വൃത്തങ്ങൾ വ്യക്തമാക്കി.

Story Highlights- ISRO to Launch GISAT -1 On April 18th , Will help India Keep Eye On Borders Real-Time

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top