ചരിത്രത്തിൽ ആദ്യമായി പരിമിത ഓവർ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ട കേരള വർമ കേളപ്പൻ തമ്പുരാൻ അന്തരിച്ചു

Kerala Verma Kelappan Thampuran

ചരിത്രത്തിൽ ആദ്യമായി പരിമിത ഓവർ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ട കേരള വർമ കേളപ്പൻ തമ്പുരാൻ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. മുൻ കേരള താരവും പ്രശസ്ത പരിശീലകനുമായ പി ബാലചന്ദ്രൻ്റെ പിതാവാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ മരണവിവരം സ്ഥിരീകരിച്ചു.

1971ലാണ് ചരിത്രം ൎരേഖപ്പെടുത്തിയ ആദ്യ ഔദ്യോഗിക പരിമിത ഓവർ മത്സരം നടന്നത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിന് 20 വർഷങ്ങൾക്കു മുൻപ് കേരളക്കരയിലെ തൃപ്പൂണിത്തുറയിൽ കേരള വർമ കേളപ്പൻ തമ്പുരാൻ പരിമിത ഓവർ മത്സരങ്ങൾക്ക് തുടക്കമിട്ടിരുന്നു എന്നത് ഇപ്പോഴും പലർക്കും അന്യമാണ്.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയും ട്രാവൻകൂർ-കൊച്ചി രഞ്ജി ടീം താരവുമായിരുന്നു കേരള വർമ കേളപ്പൻ തമ്പുരാൻ. ദിവസങ്ങളോളം നീളുന്ന ടെസ്റ്റ് മത്സരങ്ങളുടെ വിരസത അകറ്റാനാണ് ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന പരിമിത ഓവർ മത്സരം എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചത്. ബൗളർമാർക്ക് നിശ്ചിത എണ്ണം ഓവറുകൾ മാത്രമേ എറിയാവൂ എന്ന നിബന്ധനയൊന്നും അന്ന് ഉണ്ടായിരുന്നില്ല. അങ്ങനെ തൃപ്പൂണിത്തുറയിൽ പൂജ ക്രിക്കറ്റ് ടൂർണമെൻ്റിനു തുടക്കമായി.

പാലസ് ഓവൽ മൈതാനത്തിലായിരുന്നു 50 ഓവർ നീണ്ട മത്സരങ്ങൾ. അന്നത്തെ കൊച്ചി ദിവാനും ക്രിക്കറ്റ് കളിക്കാരനുമായ സർ സിജി ഹെർബർ ആണ് മൈതാനം വിട്ടുനൽകിയത്. ടൂർണമെൻ്റ് ഫൈനലിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും കോട്ടയം ക്രിക്കറ്റ് ക്ലബ്ബും തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ തൃപ്പൂണിത്തുറ ക്ലബ്ബ് കിരീടം ചൂടി. പിന്നീടുള്ള മൂന്ന് വർഷവും കൊച്ചി രാജ കുടുംബാംഗങ്ങൾ അടങ്ങിയ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് ആയിരുന്നു ജേതാക്കൾ. ആദ്യം പ്രിൻസസ് ക്ലബ് എന്നായിരുന്നു ക്ലബിൻ്റെ പേര്. പൊതുജനങ്ങൾക്കു തുറന്നുകൊടുത്തതോടെയാണ് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് എന്ന് പേരുമാറ്റിയത്.

Story Highlights- Kerala Verma Kelappan Thampuran has passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top