ഈ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ല: സുരേഷ് ഗോപി

suresh gopi talks election

ഈ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ലെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും സിനിമാതാരവുമായ സുരേഷ് ഗോപി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം മറ്റുള്ളവരാണ് ഉയർത്തിയത്. ഈ വിഷയം മാത്രം തങ്ങളോട് ചോദിക്കണമെന്ന നിലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിവച്ച വിദ്യ ആണ് ഇതെന്നും അദ്ദേഹം 24നോട് പ്രതികരിച്ചു.

“ഇയാൾക്ക് ഇത് മാത്രമേ പറയാനുള്ളോ എന്ന് പറയരുത്. അത് ശക്തമാണ്. അത് വൈകാരിക വിഷയമാണ്. ഇത് സർക്കാരിൻ്റെ ഒരു അജണ്ടയാണ്. ഞങ്ങളെക്കൊണ്ട് മറ്റ് വിഷയങ്ങളൊന്നും സംസാരിപ്പിക്കരുത്, ശബരിമലയേ സംസാരിപ്പിക്കാവൂ എന്ന് പറഞ്ഞിട്ട് ദേവസ്വം മന്ത്രി തുടങ്ങിവച്ച വിദ്യ ആണിത്. ബിജെപിയല്ല ശബരിമല എടുത്തുകാട്ടുന്നത്. നിങ്ങൾക്ക് തെറ്റി. സുരേന്ദ്രൻ സാറല്ലേ തുടങ്ങിവച്ചത്? മുൻപ് ശബരിമലയെപ്പറ്റി മിണ്ടരുതെന്ന് ഇലക്ഷ കമ്മീഷൻ പറഞ്ഞിരുന്നു. ഇപ്പോൾ എന്താണ് പറയാത്തത്?”- സുരേഷ് ഗോപി പറഞ്ഞു.

സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആചാരാനുഷ്ടാങ്ങളെ മുറിയ്ക്കാത്ത തരത്തിൽ ആവണം. കുളിച്ചിട്ട് തന്നെ അമ്പലത്തിൽ പോകണമെന്നാണ്. സയൻസുണ്ട് അതിനു പിന്നിൽ. നെറുകംതല തണുപ്പിച്ച് ശാന്തമായി ചെല്ലണം. എങ്കിലേ മന്ത്രോച്ചരാണങ്ങൾ വഴി ആവരണം ചെയ്ത് ആ മന്ത്രത്തിൻ്റെ ശക്തി ആ പ്രതിഷ്ഠയിൽ നിന്ന് നമുക്ക് വികിരണം ചെയ്ത് ശരീരത്തിലേക്ക് കടക്കൂ. വിശ്വാസത്തിൽ നവോത്ഥാനം കൊണ്ടുവരാം. അത് കൊണ്ടുവരുമെന്ന് കണ്ടപ്പോൾ ചിലർ കൊടിയും പിടിച്ച് പോയി ഇരുന്നെന്നേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പല മണ്ഡലങ്ങളിലും പാർട്ടി തന്നെ പരിഗണിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. “പല മണ്ഡലങ്ങളിലും പാർട്ടി എന്നെ പരിഗണിച്ചിരുന്നു. വ്യക്തിപരമായി ഗുരുവായൂർ ആയിരുന്നു ഇഷ്ടം. പക്ഷേ, എൻ്റെ നേതാവ് തൃശൂർ എടുക്കാനാണ് പറഞ്ഞത്. തൃശൂരുമായി പൂർവജന്മ ബന്ധം ഉണ്ടെന്നാണ് ഞാൻ കരുതുന്നത്.”- സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Story Highlights: suresh gopi talks to 24 about election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top