യൂസുഫ് പത്താന് കൊവിഡ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പത്താന് കൊവിഡ്. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർക്ക് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെയാണ് യൂസുഫ് പത്താനും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും അടുത്തിടെ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലെജൻഡ്സ് ടീമിനു വേണ്ടി കളിച്ചിരുന്നു.
“നേരിയ രോഗലക്ഷണങ്ങളോടെ എനിക്ക് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഞാൻ സ്വയം ക്വാറൻ്റീനിലായി. വേണ്ട മുൻകരുതലുകൾ എടുക്കുന്നുണ്ട്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരും ടെസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.”- യൂസുഫ് പത്താൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
അതേസമയം, രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകൾ 62,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പോസിറ്റീവ് കേസുകളും 312 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,19,71,624 ആയി.
24 മണിക്കൂറിനിടെ 28,739 പേരാണ് കൊവിഡ് മുക്തരായത്. ഇതോടെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 1,13,23,762 ആയി. രാജ്യത്ത് നിലവിൽ കൊവിഡ് ചികിത്സയിലുള്ളത് 4,86,310 പേരാണ്. അതേസമയം രാജ്യത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം ആറ് കോടി കടന്നു. കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here