തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ കരാറുകാരന്റെ ആത്മഹത്യാശ്രമം

തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ കരാറുകാരന്റെ ആത്മഹത്യാശ്രമം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ കയറി കരാറുകാരന്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പണി തീര്‍ത്തശേഷം ബില്ല് മാറി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം.

തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ കൃഷി ഓഫീസിലാണ് ആത്മഹത്യാ ശ്രമം നടന്നത്. ഒരുകോടി രൂപയുടെ കരാര്‍ നിര്‍മാണം ഇയാള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ബില്ല് മാറി നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കരാറുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. എട്ട് മാസമായി ഓഫീസില്‍ കയറി ഇറങ്ങിയിട്ടും ബില്ല് മാറി നല്‍കുന്നില്ലെന്നാണ് ആരോപണം. താന്‍ വലിയ കടത്തിലാണെന്നും ബില്ല് മാറിലഭിച്ചാല്‍ മാത്രമേ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകൂ എന്നുമാണ് കരാറുകാരന്‍ പറയുന്നത്.

അതേസമയം, നിര്‍മാണ പ്രവര്‍ത്തികളില്‍ ചിലതില്‍ അപാകതകളുണ്ടെന്നാണ് കൃഷി വകുപ്പ് പറയുന്നത്. മേലുദ്യോഗസ്ഥര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചശേഷം മാത്രമേ ബില്‍ മാറിനല്‍കാനാകൂ എന്നാണ് കൃഷി വകുപ്പ് അറിയിച്ചത്.

Story Highlights: suicide Attempt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top