Advertisement

ഇരട്ടവോട്ട്: രമേശ്‌ ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

March 30, 2021
Google News 2 minutes Read
Double Vote High Court

ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. 38586 ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും എന്നാൽ വോട്ടർപട്ടികയിൽ ഇനിയൊരു മാറ്റം സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ഇരട്ടവോട്ട് പ്രതിരോധിക്കാൻ 4 നിർദ്ദേശങ്ങൾ പ്രതിപക്ഷ നേതാവ് കോടതി മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പ്രഥമൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസിൽ ഇന്നും വിശദമായ വാദം നടന്നു. ഇരട്ടവോട്ട് കണ്ടെത്താൻ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടെന്നും ഇലക്ട്രൽ റോളിൽ ഇനി മാറ്റം വരുത്താനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇരട്ടവോട്ടുള്ളവരുടെ വിരലടയാളവും, ഫോട്ടോയും എടുത്ത് സൂക്ഷിക്കും. രാഷ്ട്രീയ പാർട്ടികൾ നൽകിയ 316671 ഇരട്ട വോട്ടുകളുടെ പട്ടികയിൽ 38586 എണ്ണം മാത്രമാണ് പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയതെന്നും കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇരട്ട വോട്ടുള്ളവരുടെ വിശദാംശങ്ങൾ ബിഎൽഒമാർ പ്രിസൈഡിങ് ഓഫീസ‍ർമാർക്ക് കൈമാറുമെന്നും തെരഞ്ഞെടുപ്പ് സംശുദ്ധി കാത്ത് സൂക്ഷിക്കാൻ ബാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

അതേസമയം. പ്രതിപക്ഷ നേതാവും നാലിന നിർദ്ദേശങ്ങൾ ഹൈക്കോടതിക്ക് സമർപ്പിച്ചു. ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് ബിഎൽഒമാർ മുൻകൂർ രേഖാമൂലം എഴുതി വാങ്ങണം. ഇതിൻറെ രേഖകൾ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറണം, ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നുമാണ് സത്യവാങ്മൂലം നൽകണം. വോട്ട് രേഖപ്പെടുത്തിയവരുടെ ഫോട്ടോ തെരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വറിൽ ശേഖരിക്കണമെന്നതടക്കമുള്ള നിർദ്ദേശമാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ അറിയിച്ചത്. കേസിൽ ഹൈക്കോടതി നാളെ വിധി പറയും.

Story Highlights: Double Vote; High Court will give its verdict tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here