ഹർമൻപ്രീത് കൗറിനു കൊവിഡ്

Harmanpreet Kaur positive Covid

ഇന്ത്യയുടെ വനിതാ ടി-20 ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനു കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഹർമൻ വിവരം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം താനിപ്പോൾ ക്വാറൻ്റീനിലാണെന്നും ഹർമൻ കുറിച്ചു. അടുത്തിടെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, യൂസുഫ് പത്താൻ, എസ് ബദരിനാഥ്, ഇർഫാൻ പത്താൻ എന്നിവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി തന്നോട് ബന്ധപ്പെട്ടിട്ടുള്ളവർ സ്വയം ടെസ്റ്റ് ചെയ്യണമെന്ന് ഹർമൻ ട്വിറ്ററിൽ കുറിച്ചു. ഉടൻ തന്നെ താൻ ക്രിക്കറ്റ് ഫീൽഡിലേക്ക് തിരികെ എത്തുമെന്നും എല്ലാവരും മാസ്ക് ധരിക്കണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ പരിമിത ഓവർ പരമ്പരകളിലാണ് ഹർമൻ അവസാനമായി കളിച്ചത്. പരുക്കേറ്റതിനെ തുടർന്ന് ടി-20 പരമ്പരയിൽ ഹർമൻപ്രീത് കളിച്ചിരുന്നില്ല.

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000ത്തിന് മുകളിൽ പോസിറ്റീവ് കേസുകളും 271 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനത്തും രണ്ടായിരത്തിനടുത്ത് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 60 ശതമാനം കൊവിഡ് കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. സംസ്ഥാനത്ത് ഇന്നലെ 31,000 ത്തിന് മേൽ ആളുകൾക്ക് രോഗ ബാധ സ്ഥിരീകരിച്ചു.

മഹാരാഷ്ട്രക്ക് പുറമേ പഞ്ചാബ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും രോഗബാധ ഉയരുകയാണ്. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിൽ 25 മേഖലകൾ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്തും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഈ വർഷത്തിൽ ആദ്യമായാണ് ഡൽഹിയിൽ പ്രതിദിന പോസിറ്റീവ് കേസുകൾ രണ്ടായിരത്തോടടുക്കുന്നത്.

Story Highlights: Harmanpreet Kaur tests positive for Covid-19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top