Advertisement

ഐപിഎൽ ടീം അവലോകനം; ഡൽഹി ക്യാപിറ്റൽസ്

March 30, 2021
Google News 1 minute Read
ipl team delhi capitals

7 വർഷം, 0 കപ്പുകൾ, 0 പ്ലേഓഫുകൾ. 2018ൽ പോയിൻ്റ് ടേബിളിൽ അവസാനം ലീഗ് പൂർത്തിയാക്കുന്നു. 2019ൽ ടീമിൻ്റെ പേര് മാറുന്നു. ഗൗതം ഗംഭീറിനു പകരം ശ്രേയാസ് അയ്യർ ക്യാപ്റ്റനാവുന്നു. യുവരക്തങ്ങൾ ടീമിലെത്തുന്നു. 7 വർഷത്തിനു ശേഷം ആദ്യമായി പ്ലേഓഫിൽ. എലിമിനേറ്ററിൽ സൺറൈസേഴ്സിനെ തകർത്ത് ചരിത്രത്തിൽ ആദ്യമായി ഒരു പ്ലേ ഓഫ് ജയം. ഒടുവിൽ മൂന്നാം സ്ഥാനക്കാരായി സീസൺ അവസാനിപ്പിക്കുന്നു. കഴിഞ്ഞ സീസണിൽ റണ്ണേഴ്സ് അപ്പ് ആയാണ് ഡൽഹിയുടെ യാത്ര അവസാനിച്ചത്.

കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ഡൽഹി ഐപിഎലിൽ കൊണ്ടുവന്ന ബ്രാൻഡ് ഓഫ് ക്രിക്കറ്റ് ആണ് അവരുടെ സിഗ്നേച്ചർ സ്റ്റൈലിനെ അടയാളപ്പെടുത്തുന്നത്. യുവാക്കളെ കൂടുതുറന്ന് വിട്ട് ഫിയർലസ് ക്രിക്കറ്റ് കളിക്കുകയും അവരുടെ അതേ ചിന്താശൈലിയിലുള്ള ഒരാളെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കുകയും വഴി ഡൽഹി ആരംഭിച്ചത് വ്യത്യസ്തമായ സ്റ്റൈൽ ഓഫ് പ്ലേ ആണ്. ആ സ്റ്റൈലിനോട് ചേർന്ന് കോർ ടീമിനെ നിലനിർത്തി ചില താരങ്ങളെ ഇക്കൊല്ലം ഡൽഹി ടീമിൽ എത്തിച്ചിട്ടുമുണ്ട്. പക്ഷേ, അവരിൽ പലരും അനാവശ്യ പർച്ചേസുകളാണ്. ലേലത്തെ ഏറ്റവും മോശമായി സമീപിച്ച ഫ്രാഞ്ചൈസികളിൽ ഒരാളാണ് ഡൽഹി ക്യാപിറ്റൽസ്.

ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായത് നികത്താനാവാത്ത കുറവാണ്. പകരം ആര് ടീമിനെ നയിക്കും എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഋഷഭ് പന്തിനാണ് സാധ്യത. ശിഖർ ധവാൻ, ആർ അശ്വിൻ എന്നിവർക്കും സാധ്യതയുണ്ട്. എങ്കിലും അയ്യരുടെ വിടവ് നികത്താനാവാത്തതാണ്.

മുൻ രാജസ്ഥാൻ റോയൽസ്, ഓസീസ് നായകനും ഇതിഹാസ ക്രിക്കറ്ററുമായ സ്റ്റീവ് സ്മിത്തിൻ്റെ ഉൾപ്പെടുത്തലാണ് ഏറെ ശ്രദ്ധേയം. മധ്യനിരയിൽ ബാലൻസ് നൽകാൻ സ്മിത്തിൻ്റെ ഇന്നിംഗ്സുകൾ ഉപകരിച്ചേക്കാം. എന്നാൽ, സ്മിത്ത് ടി-20 ഫോർമാറ്റിൽ എത്രത്തോളം മികച്ച പ്രകടനങ്ങൾ നടത്തും എന്നതാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ സീസണിൽ ഷാർജയിലെ ചെറിയ ബൗണ്ടറികളിൽ നടത്തിയ ചില പ്രകടനങ്ങൾ മാറ്റിനിർത്തിയാൽ സ്മിത്ത് അത്ര മികച്ച കളിയല്ല കാഴ്ചവച്ചത്. പക്ഷേ, അദ്ദേഹത്തെ എഴുതിത്തള്ളാനാവില്ല.

സാം ബില്ലിങ്സ് ഒരു ഭേദപ്പെട്ട ക്രിക്കറ്ററാണ്. ഐപിഎലിൽ അത്ര മികച്ച പ്രകടനങ്ങൾ നടത്തിയിട്ടില്ലെങ്കിലും തരക്കേടില്ലാത്ത ഒറ്റപ്പെട്ട പ്രകടനങ്ങൾ ബില്ലിങ്സിൽ നിന്ന് പ്രതീക്ഷിക്കാം. എങ്കിലും ഫൈനൽ ഇലവനിൽ ബിലിങ്സ് എത്താൻ സാധ്യത വളരെ കുറവാണ്. ടോം കറൻ ഒരു മോശം പർച്ചേസാണെന്ന് തോന്നുന്നു. അതും 5.25 കോടി രൂപയ്ക്ക് കറനെ ടീമിൽ എത്തിച്ചത് ടാക്ടിക്കൽ എറർ ആണ്. പ്രത്യേകിച്ചും, കഴിഞ്ഞ സീസണിൽ രാജസ്ഥാനിലെ മോശം പ്രകടനങ്ങൾ പരിഗണിക്കുമ്പോൾ കറൻ ഒരു മോശം പർച്ചേസ് ആണ്. ഉമേഷ് യാദവും അത്ര മികച്ച വാങ്ങൽ അല്ല. 301 ശരാശരി. 8.51 എക്കോണമി. 121 മത്സരങ്ങളിൽ നിന്ന് 119 വിക്കറ്റ്. മോശം റെക്കോർഡാണ്. ഇനിഷ്യൽ സ്റ്റേജിലെ ചില മികച്ച ഓവറുകൾ മാറ്റിനിർത്തിയാൽ ഉമേഷ് ഐപിഎലിൽ പരാജയമാണ്.

കേരള താരം വിഷ്ണു വിനോദ്, റിപൽ പട്ടേൽ, ലുക്‌മാൻ മേരിവാല, മണിമാരൻ സിദ്ധാർത്ഥ് എന്നിവരാണ് ലേലത്തിൽ ഡിസി വാങ്ങിയ മറ്റ് താരങ്ങൾ. വിഷ്ണു വിനോദ് ഒരു എക്സ്പ്ലോസിവ് ബാറ്റ്സ്മാൻ ആണ്. ഡിസി സ്റ്റൈൽ ഓഫ് പ്ലേയ്ക്ക് ഏറ്റവും യോജിച്ച താരം. ടോപ്പ് ഓർഡറിലാണ് വിഷ്ണു കേരളത്തിനായി കളിക്കുന്നത്. പക്ഷേ, വിഷ്ണുവിന് ഫിനിഷറായും കളിക്കാനാവും. എന്നാൽ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന ഋഷഭ് പന്ത് എന്ന പുതിയ ഇന്ത്യൻ സൂപ്പർ സ്റ്റാർ ഉള്ളതുകൊണ്ട് തന്നെ വിഷ്ണുവിന് ഏറെ അവസരം ലഭിച്ചേക്കില്ല. റിപൽ പട്ടേലും വിഷ്ണുവിൻ്റെ അതേ കാറ്റഗറിയിലാണ്. എക്സ്പ്ലോസിവ് ബാറ്റ്സ്മാൻ. വിഷ്ണുവിനെക്കാൾ പ്രഹരശേഷിയുള്ള പ്ലയർ. ഫിനിഷർ റോളിൽ ഉപയോഗിക്കപ്പെട്ടേക്കാം. ലുക്മാൻ മേരിവാലയും മികച്ച ക്രിക്കറ്ററാണ്. വിക്കറ്റ് ടേക്കിംഗ് ബൗളറാണ്. ടി-20യിൽ 6.72 എക്കോണമിയും 14.5 ശരാശരിയും സഹിതം 44 മത്സരങ്ങളിൽ നിന്ന് 72 വിക്കറ്റ് ആണ് മേരിവാലയുടെ സമ്പാദ്യം. ചില മത്സരങ്ങളിൽ ലുക്മാൻ കളിക്കാനിടയുണ്ട്. 6 മത്സരങ്ങൾ, 16 വിക്കറ്റ്, 6.81 ശരാശരി, 4.95 എക്കോണമി. മണിരാമൻ സിദ്ധാർത്ഥിൻ്റെ കണക്കുകളാണ്. സർപ്രൈസ് പാക്കേജ് ആയി ടീമിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട്.

ആദ്യ മത്സരങ്ങളിലെ സാധ്യതാ ടീം

പൃഥ്വി ഷാ
ശിഖർ ധവാൻ
ഷിംറോൺ ഹെട്മെയർ/സ്റ്റീവ് സ്മിത്ത്
ഋഷഭ് പന്ത്
മാർക്കസ് സ്റ്റോയിനിസ്
ലളിത് യാദവ്/അജിങ്ക്യ രഹാനെ
അക്സർ പട്ടേൽ/റിപൽ പട്ടേൽ
ആർ അശ്വിൻ
കഗീസോ റബാഡ
ആൻറിച് നോർക്കിയ/ക്രിസ് വോക്സ്
ഇഷാന്ത് ശർമ്മ/ലുക്മാൻ മേരിവാല

Story Highlights: ipl team analysis delhi capitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here