ഇന്ത്യൻ ലെജൻഡ്സ് താരങ്ങൾക്ക് കൊവിഡ്; ശ്രീലങ്ക താരങ്ങളോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

ഇന്ത്യൻ ലെജൻഡ്സ് ടീമിലെ 4 താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ശ്രീലങ്കൻ ലെജൻഡ്സ് താരങ്ങളോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം. ശ്രീലങ്കൻ സർക്കാരാണ് റോഡ് സേഫ്റ്റി വേൾഡ് സീരീസിനായി ഇന്ത്യയിലെത്തിയ താരങ്ങളോട് ക്വാറൻ്റീനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചത്. ശ്രീലങ്കൻ വെബ്സൈറ്റ് ഡെയിലി മിറർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്വന്തം വീടുകളിൽ തന്നെ ക്വാറൻ്റീനിൽ പ്രവേശിക്കാനാണ് താരങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അടുത്ത ശനിയാഴ്ച വരെ ക്വാറൻ്റീനിൽ കഴിയണം. ക്വാറൻ്റീൻ കാലാവധി അവസാനിച്ചതിനു ശേഷം നടത്തുന്ന ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവായാലേ ഇവർക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ.
റോഡ് സേഫ്റ്റി സീരീസിൽ ഇന്ത്യൻ ലെജൻഡ്സ് ടീമിൽ കളിച്ച സച്ചിൻ തെണ്ടുൽക്കർ, യൂസുഫ് പത്താൻ, എസ് ബദരിനാഥ്, ഇർഫാൻ പത്താൻ എന്നിവർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
റോഡ് സേഫ്റ്റി വേൾഡ് സീരീസിൻ്റെ പ്രഥമ പതിപ്പിൽ ഇന്ത്യൻ ലെജൻഡ്സ് ചാമ്പ്യന്മാരായിരുന്നു. ഫൈനലിൽ ശ്രീലങ്കയെ 14 റൺസിനു കീഴ്പ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 181 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ.
Story Highlights: Sri Lanka players asked to self-quarantine after Indian players test positive for Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here