രാജ്യത്തെ കൊവിഡ് വ്യാപനം അതിഗുരുതരം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ

india covid situation goes from bad to worse

രാജ്യത്തെ കൊവിഡ് വ്യാപനം അതിഗുരുതരമാകുന്ന വിധത്തിൽ രൂക്ഷമാകുന്നതായി സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ മോശം അവസ്ഥയിൽ നിന്ന് അതീവ സങ്കീർണമായ അവസ്ഥയിലേയ്ക്ക് മാറിയതായി വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്ത് എഴുതി.

പ്രതിദിന കണക്കുകളുടെ വർധനയ്ക്ക് പിന്നാലെ വ്യാപനം വേഗത്തിൽ കൂടുന്നത് വലിയ വെല്ലുവിളി ആണെന്നാണ് കേന്ദ്രസർക്കാർ നിഗമനം. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ സംസ്ഥാനങ്ങൾക്കുള്ള കത്ത്. രണ്ട് പ്രധാന നിർദേശങ്ങളാണ് കത്ത് മുന്നോട്ട് വയ്ക്കുന്നത്. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വാക്‌സിൻ നൽകാൻ നടപടി ഉറപ്പാക്കാനാണ് ആദ്യ നിർദേശം. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ ഇത് നിർബന്ധമായും ഉറപ്പ് വരുത്തണം. ഒരോ ജില്ലകൾ കേന്ദ്രികരിച്ചും പ്രാദേശിക സാധ്യതകൾ കൂടി പരിഗണിച്ച് പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കണം എന്നതാണ് രണ്ടാമത്തേത്.

മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, മധ്യാ പ്രദേശ്, തമിഴ് നാട്, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളാണ് വ്യാപന തോതിൽ ഇപ്പോൾ മുന്നിൽ. പ്രത്യേക ശ്രദ്ധയും നിയമം അനുസരിച്ചുള്ള നിയന്ത്രണങ്ങളും ഈ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തണം. പ്രതിദിന ആർടിപിസിആർ പരിശോധനകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത് നിർദേശിക്കുന്നു.

ഒരോ കേസുകളുടെയും ഭാഗമായി 40 സമ്പർക്കങ്ങൾ എങ്കിലും പരിശോധിക്കാൻ സാധിക്കണം. അല്ലാത്ത പക്ഷം കടുത്ത വെല്ലുവിളിയായി കൊവിഡ് വ്യാപനം രാജ്യത്ത് മാറുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്ത് മരണനിരക്ക് കുറവാണെന്ന പ്രചാരണത്തെ വിദഗ്ദ സമിതി അധ്യക്ഷൻ ഡോ.വി.കെ പോൾ തള്ളി. മരണനിരക്ക് കുറവാണെന്ന നമ്മളുടെ അഹങ്കാരത്തിന് ഇനി അർത്ഥം ഇല്ല. ഇപ്പോൾ 73ൽ നിന്ന് 271 ആയി മരണ നിരക്ക് ഉയർന്നിരിക്കുന്നു. അതുകൊണ്ട് തന്നെ വൈറസിനെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Story Highlights: india covid situation goes from bad to worse

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top