മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്ക് എതിരെ അഴിമതി ആരോപണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

anil deshmukh parambir singh

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മുന്‍ ബോംബെ ഹൈക്കോടതി ജഡ്ജി കൈലാഷ് ഉത്തംചന്ദ് ചണ്ഡിവാല്‍ അധ്യക്ഷനായി ഏകാംഗ സമിതി രൂപീകരിച്ചു.

ആരോപണങ്ങള്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് കൂടിയായ അനില്‍ ദേശ്മുഖും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങുകയായിരുന്നു. ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിക്ക് നിര്‍ദേശം നല്‍കി.

മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് ഉന്നയിച്ച അഴിമതി ആരോപണത്തിന് തെളിവുണ്ടോയെന്ന് സമിതി പരിശോധിക്കും. അതേസമയം, അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന പരംബീര്‍ സിംഗിന്റെ ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഡാന്‍സ് ബാറുകള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നൂറ് കോടി രൂപ പിരിച്ചുകൊടുക്കാന്‍ അനില്‍ ദേശ്മുഖ്, മുംബൈ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന ആരോപണമാണ് പരംബീര്‍ സിംഗ് ഉന്നയിച്ചത്. പരംബീര്‍ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നല്‍കിയ കത്ത് വലിയ രാഷ്ട്രീയ വിവാദമായി.

Story Highlights: mahrashtra, corruption

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top