നിലമ്പൂരില്‍ റോഡ് ഷോയിലൂടെ ശക്തി തെളിയിച്ച് മുന്നണികള്‍

തീപാറുന്ന പോരാട്ടം നടക്കുന്ന നിലമ്പൂരില്‍ പ്രചാരണത്തിലും മത്സരിച്ച് സ്ഥാനാര്‍ത്ഥികള്‍. റോഡ് ഷോകളിലൂടെ ശക്തി തെളിയിക്കുകയാണ് യുഡിഎഫും എല്‍ഡിഎഫും. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി. പ്രകാശിന് വോട്ടഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്ക് പിന്നാലെ നിരവധി ആളുകളെ പങ്കെടുപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി. അന്‍വറും കരുത്ത്കാട്ടി.

കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം പിടിക്കാനുറച്ചാണ് നിലമ്പൂരിലെ യുഡിഎഫ് നീക്കങ്ങള്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം പിടിക്കാന്‍ യുഡിഎഫിനായി. രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് നടത്തിയ റോഡ് ഷോയിലെ ജനപങ്കാളിത്തവും യുഡിഎഫ് പ്രതീക്ഷകള്‍ക്ക് ശക്തിപകരുന്നതാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി. പ്രകാശിന് വോട്ടഭ്യര്‍ത്ഥിച്ച് നിലമ്പൂര്‍ ചന്തക്കുന്ന് മുതല്‍ നിലമ്പൂര്‍ നഗരം വരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള റോഡ് ഷോ.

രാഹുല്‍ ഗാന്ധി നേരിട്ടെത്തി നടത്തിയ റോഡ് ഷോക്ക് മറുപടിയായാണ് എല്‍ഡിഎഫും റോഡ് ഷോ സംഘടിപ്പിച്ചത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി. അന്‍വറിന് വോട്ടഭ്യര്‍ത്ഥിച്ചുള്ള റോഡ് ഷോ മണ്ഡലത്തിലെ എല്‍ഡിഎഫ് ശക്തി പ്രകടനമായി മാറി. വഴിക്കടവ് മുതല്‍ നിലമ്പൂര്‍ നഗരം വരെ 20 കിലോമീറ്റര്‍ ദൂരത്തിലാണ് പി.വി. അന്‍വറിന് വോട്ടഭ്യര്‍ത്ഥിച്ച് റോഡ് ഷോ നടത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11504 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് കോട്ടയായ നിലമ്പൂര്‍ പി.വി. അന്‍വറിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തത്. എന്നാല്‍ മണ്ഡലത്തില്‍ 2016 ലെ രാഷ്ട്രീയ സാഹചര്യമല്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാവുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top