Advertisement

തമിഴ്നാട്ടിലും പുതുച്ചേരിയിലും പരസ്യ പ്രചാരണം അവസാനിച്ചു

April 4, 2021
Google News 1 minute Read
campaign Tamil Nadu Puducherry

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം തമിഴ്നാട്ടിലും പുതുച്ചേരിയിലും അവസാനിച്ചു. നിയന്ത്രണങ്ങളോടെയുള്ള കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറുകളിൽ അണ്ണാ ഡിഎംകെയും, ഡിഎംകെയും പ്രചാരണം ശക്തമാക്കി. അതേസമയം, പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും സംസ്ഥാനത്ത് ആദായനികുതി വകുപ്പും തെരഞ്ഞെടുപ്പ് സ്ക്വാഡും റെയ്ഡ് നടത്തി.

തെരഞ്ഞെടുപ്പ് പ്രചാരണം ആവശത്തോടെ കൊട്ടിക്കലാശിച്ചപ്പോൾ ആത്മവിശ്വാസമാണ് അണ്ണാ ഡിഎംകെയും ഡിഎംകെയും പ്രകടിപ്പിക്കുന്നത്. ജനങ്ങളെ നേരിൽക്കണ്ട് സംസാരിച്ചും വോട്ടുറപ്പിക്കുകയായിരുന്നു അവസാന മണിക്കൂറുകളിൽ സ്ഥാനാർത്ഥികൾ. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രാവിലെ ചെപ്പോക്ക് മണ്ഡലത്തിൽ മകനും സ്ഥാനാർത്ഥിയുമായ ഉദയനിധി സ്റ്റാലിനായി പ്രചാരണത്തിന് ഇറങ്ങി. വൈകിട്ട് സ്വന്തം മണ്ഡലമായ കൊളത്തൂരിൽ വീടുകൾ കയറിയായിരുന്നു സ്റ്റാലിന്റെ പ്രചാരണം. ചെന്നൈ നഗരത്തിലെ വിവിധ മണ്ഡലങ്ങളിലും എടപാടിയിലും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രചാരണം നടത്തി. എ രാജയുടെ സ്ത്രീവിരുദ്ധ പരാമർശമാണ് ഉപമുഖ്യമന്ത്രി ഒ പനീർസെൽവം അവസാന മണിക്കൂറുകളിലും ആയുധമാക്കിയത്. കൊട്ടിക്കലാശം ദിവസം തമിഴ്നാട്ടിൽ ക്യാമ്പ് ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പുതുച്ചേരിയിൽ റോഡ്ഷോ നടത്തി. പുതുച്ചേരിയിൽ എൻഡിഎ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും, തമിഴ്നാട്ടിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും ജെപി നദ്ദ പറഞ്ഞു.

പുതുച്ചേരി മണ്ടിപേട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നമശിവായതിന് കൊവിഡ് സ്ഥിരീകരിച്ചു. എൻആർ കോൺഗ്രസ് അധ്യക്ഷൻ എൻ രംഗസ്വാമി നമശിവായതിനായി അവസാനവട്ട പ്രചാരണം നടത്തി. അതിനിടെ തമിഴ്നാട്ടിൽ മന്ത്രി വിജയഭാസ്കറിന്റെ അടുത്ത അനുയായിയുടെ പുതുക്കോട്ടയിലെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. മധുരയിലും തിരുവള്ളൂരിലും തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ രണ്ടു കോടി രൂപ പിടിച്ചെടുത്തു.

Story Highlights: campaign ends in Tamil Nadu and Puducherry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here