തൊഴിലിനെ ആക്ഷേപിച്ചെന്ന് വ്യാഖ്യാനിക്കുന്നത് അല്‍പത്തരം; അരിത ബാബുവിനെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ.എം.ആരിഫ്

അരിത ബാബുവിനെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ.എം.ആരിഫ് എംപി. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുന്നു. തൊഴിലിനെ ആക്ഷേപിച്ചെന്ന് വ്യാഖ്യാനിക്കുന്നത് അല്‍പത്തരമാണ്. സ്ഥാനാര്‍ത്ഥിയുടെ പ്രാരാബ്ധം യുഡിഎഫ് പ്രചാരണ വിഷയമാക്കിയതിനെയാണ് വിമര്‍ശിച്ചത്. കര്‍ഷകനായാല്‍ നിയമസഭയിലേക്കും സൊസൈറ്റിയിലേക്കുമെല്ലാം മത്സരിക്കാം. എന്നാല്‍ അത് മാത്രം മാനദണ്ഡമാകരുതെന്നും എ.എം. ആരിഫ് എം.പി. പറഞ്ഞു.

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാ സംഗമ വേദിയില്‍ വെച്ചായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ പരിഹസിച്ചുള്ള എ.എം. ആരിഫ് എംപിയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ എംപിക്കെതിരെ പല കോണില്‍ നിന്നും വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. കഷ്ടപ്പാടില്‍ ജീവിക്കുന്നവരെ അധിക്ഷേപിക്കുന്ന നിലപാടാണ് സിപിഐഎമ്മിന്റേതെങ്കില്‍ കഷ്ടപ്പെടുന്നവരെയും സാധാരണക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു പറഞ്ഞു. എ. എം. ആരിഫിന്റെ വ്യക്തിഹത്യ പ്രചാരണത്തെ ബാധിക്കില്ലെന്നും അരിത ബാബു ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.

വില കുറഞ്ഞ പരാമര്‍ശം നടത്തിയ എ.എം. ആരിഫ് എംപി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പാല്‍ വിറ്റ് ജീവിക്കുന്നത് അഭിമാനിക്കേണ്ട കാര്യമാണെന്നും ആരിഫിന്റെ പ്രസ്താവന മോശമായി എന്നുമായിരുന്നു ശശി തരൂര്‍ എംപിയുടെ പ്രതികരണം. ക്ഷീര കര്‍ഷകരെ മുഴുവന്‍ അപമാനിക്കുകയാണ് എംപി ചെയ്തതെന്ന് കെ.സി. വേണുഗോപാല്‍ എംപിയും കുറ്റപ്പെടുത്തി.

Story Highlights: AM Arif explanation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top