തലശേരിയില്‍ ബിജെപി ആഹ്വാനം ചെയ്ത മനഃസാക്ഷി വോട്ട് കോണ്‍ഗ്രസിന്: എം വി ജയരാജന്‍

m v jayarajan

കണ്ണൂരില്‍ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം നേതാവ് എം വി ജയരാജന്‍. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആര്‍എസ്എസ് സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ചത്. കട്ടൗട്ടിന്റെ തല വെട്ടിയവരുടെ വികൃത മനസും ദുഷ്ടചിന്തയും തെളിഞ്ഞുകാണുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യാന്‍ വ്യാജ പ്രചാരണം നടത്തുന്നതായും എം വി ജയരാജന്‍.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ഒരുഭാഗം അടര്‍ത്തി വര്‍ഗീയമായി പ്രചരിപ്പിക്കുന്നു. വിഷുവും ഈസ്റ്ററും റംസാനും പറഞ്ഞതില്‍ നിന്ന് വിഷു മാത്രം എഡിറ്റ് ചെയ്തുമാറ്റി. തലശേരിയില്‍ ബിജെപി ആഹ്വാനം ചെയ്ത മനഃസാക്ഷി വോട്ട് കോണ്‍ഗ്രസിനുള്ളതെന്നും എം വി ജയരാജന്‍. സിപിഐഎം നേതാക്കള്‍ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ സ്ഥലം സന്ദര്‍ശിച്ചു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം തലശേരിയില്‍ മനഃസാക്ഷി വോട്ടിന് ബിജെപി ജില്ലാ നേതൃത്വം ആഹ്വാനം ചെയ്തു. എല്‍ഡിഎഫിനും യുഡിഎഫിനും ഒഴികെ ആര്‍ക്കും വോട്ട് ചെയ്യാമെന്നാണ് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. കെ വിനോദ് കുമാര്‍ പറഞ്ഞത്.

തലശേരിയില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് മനഃസാക്ഷി വോട്ട് ആഹ്വാനവുമായി ബിജെപി രംഗത്തെത്തിയത്. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും സി.ഒ.ടി നസീര്‍ തന്നെ ഇത് പിന്‍വലിച്ചിരുന്നു.

Story Highlights: assembly elections 2021, mv jayarajan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top