കാസർഗോഡ് 74.91 ശതമാനം പോളിംഗ് രേഖപ്പെടുത്തി; മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ 74.91% പോളിംഗ്. ശക്തമായ മത്സരം നടന്ന മഞ്ചേശ്വത്ത് റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. അതേസമയം മറ്റ് നാല് മണ്ഡലങ്ങളിലും പോളിംഗ് നിരക്കിൽ കുറവുണ്ടായി.
ഒന്നര വർഷം മുൻപ് നടന്ന ഉപതെരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് രേഖപ്പെടുത്തിക്കൊണ്ടാണ് മഞ്ചേശ്വരം റെക്കോഡ് വോട്ടിംഗിലേക്ക് നീങ്ങിയത്. സ്വാധീന മേഖലയിലെ വോട്ടുകൾ പരമാവധി പോൾ ചെയ്യിക്കാനായെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. അതേസമയം കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങിൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും അപേക്ഷിച്ച് വോട്ടിംഗ് നിരക്കിൽ വന്ന കുറവ് ഇടതു വലതു മുന്നണികൾക്ക് തലവേദനയാണ്.
കാസർഗോഡ് ലീഗിന്റെ ശക്തികേന്ദ്രമായ ചെങ്കള, തളങ്കര മേഖലകളിലാണ് പോളിംഗ് നിരക്ക് കുറഞ്ഞത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ മത്സരിക്കുന്ന കാഞ്ഞങ്ങാടും ഇടതു കോട്ടയായ തൃക്കരിപ്പൂരും പതിവിന് വിപരീതമായാണ് വോട്ടിംഗ് നിരക്കിലെ കുറവ്. അട്ടിമറി നടക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്ന ഉദുമയിൽ ഉണ്ടായ കുറവും ജയപരാജയത്തിലെങ്ങനെ പ്രതിഫലിക്കുമെന്നത് ശ്രദ്ധേയമാകും.
Story Highlights: assembly election 2021, manjeswaram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here