Advertisement

രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍

April 7, 2021
Google News 1 minute Read

രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പോസിറ്റീവ് കേസുകളും 630 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രണ്ടാം തരംഗ കൊവിഡ് വ്യാപനം ആദ്യത്തേതിലും അതിരൂക്ഷമായ സാഹചര്യത്തില്‍ അടുത്ത നാല് ആഴ്ച നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ മുഖ്യമന്ത്രിമാര്‍ യോഗം ചേരും. മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പ്രതിദിന കേസുകള്‍ 55,000 കടന്നു. മുംബൈയില്‍ നിരോധനാജ്ഞ തുടരുന്നു. മഹാരാഷ്ട്ര,പഞ്ചാബ്, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം ഇന്നെത്തും. ഇവര്‍ സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് രോഗവ്യാപനം തടയാന്‍ നടപടികള്‍ സ്വീകരിക്കും. പഞ്ചാബില്‍ 80 ശതമാനവും വൈറസ് ബാധ ബ്രിട്ടന്‍ വകഭേദത്തിലൂടെയാണ് പടരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടിപ്പിച്ചു. ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാജ്യതലസ്ഥാനത്ത് ഇന്നലെ 5100 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാറിനുള്ളില്‍ വാഹനം ഓടിക്കുന്നയയാള്‍ മാത്രമേ ഉള്ളൂ എങ്കിലും മാസ്‌ക് നിര്‍ബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.

ഒരാള്‍ ഓടിക്കുന്ന വാഹനത്തെയും പൊതുസ്ഥലം ആയി കണക്കാക്കും. ജസ്റ്റിസ് പ്രതിഭാ സിംഗിന്റെതാണ് ഉത്തരവ്. ഗുജറാത്തില്‍ ആറ് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. അതേസമയം രാജ്യത്തെ വാക്‌സിനേഷന്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. നിലവില്‍ ആവശ്യമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം എട്ടുകോടി 70 ലക്ഷം കടന്നു.

Story Highlights: 1.15 Lakh Daily Covid Cases In India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here