വളരെ പ്രധാനപ്പെട്ട വിഷയം, കൂടുതൽ ആളുകൾ അറിയണം; ‘റോക്കറ്ററി ദി നമ്പി എഫക്ട്’ ന് ആശംസകളുമായി പ്രധാനമന്ത്രി

ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രം ‘റോക്കറ്ററി ദി നമ്പി എഫക്ട്’ സിനിമയ്ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ പ്രധാനപ്പെട്ട വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നും കൂടുതൽ ആളുകൾ ഇതിനെകുറിച്ച് അറിയണമെന്നും മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച മാധവന്റെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
മാധവനാണ് നമ്പി നാരായണനായി ചിത്രത്തിൽ വേഷമിടുന്നത്. കൂടാതെ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരൂഖ് ഖാൻ ചെയ്യുന്ന റോളിൽ തമിഴിൽ സൂര്യ ആയിരിക്കും എത്തുക. മാധവന്റെ ട്രൈ കളർ ഫിലിംസും ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാലുവർഷമായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും മാധവൻ തന്നെയാണ്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ മേക്ക് ഓവറുകൾ ചർച്ചചെയ്യപ്പെട്ടിരുന്നു.
മലയാളത്തിന് പുറമേ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോർട്ട്.
Story Highlights: PM Narendra Modi About Rocketry Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here