റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഡാനിയൽ സാംസിനു കൊവിഡ്

ഐപിഎൽ ക്യാമ്പിൽ കൊവിഡ് ബാധ ഉയരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ സാംസിനാണ് ഏറ്റവും അവസാനമായി കൊവിഡ് ബാധിച്ചിരിക്കുന്നത്. വിവരം ആർസിബി ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടു. ഇതോടെ, രണ്ടാമത്തെ ആർസിബി താരത്തിനാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ക്യാമ്പിൽ നേരത്തെ യുവ ഓപ്പണർ ദേവ്ദത്ത് പടിക്കലിനും കൊവിഡ് ബാധിച്ചിരുന്നു.
ആർസിബി ക്യാമ്പിൽ ജോയിൻ ചെയ്തപ്പോൾ സാംസിനു കൊവിഡ് നെഗറ്റീവായിരുന്നു. ഏപ്രിൽ മൂന്നിന് നടത്തിയ പരിശോധനയിൽ താരത്തിന് കൊവിഡ് ഇല്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ, ബുധനാഴ്ച നടത്തിയ രണ്ടാം ടെസ്റ്റിൽ സാംസിന് കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. താരത്തെ ഇപ്പോൾ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.
കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ സാംസിന് ആദ്യത്തെ രണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാകും. ഉദ്ഘാടന മത്സരത്തിൽ തന്നെ ആർസിബി കളത്തിലിറങ്ങും. മുംബൈ ഇന്ത്യൻസാണ് എതിരാളികൾ. ഏപ്രിൽ 14നാണ് ആർസിബിയുടെ രണ്ടാമത്തെ മത്സരം.
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.
Story Highlights: RCB player Daniel Sams tests positive for COVID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here