പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസൽ സമർപ്പിച്ച ഹർജിയിൽ എൻഐഎയ്ക്ക് നോട്ടീസ്

uapa case notice nia

പന്തീരാങ്കാവ് യുഎപിഎ കേസിലെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ താഹ ഫസൽ സമർപ്പിച്ച ഹർജിയിൽ എൻഐഎയ്ക്ക് സുപ്രിംകോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ ജസ്റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഒന്നാം പ്രതി അലൻ ഷുഹൈബിന് ജാമ്യം നൽകിയല്ലോയെന്ന് നിരീക്ഷിച്ച സുപ്രിംകോടതി, വിചാരണക്കോടതി വിശദമായ ഉത്തരവ് ഇറക്കിയതും പരാമർശിച്ചു. പ്രഥമദൃഷ്ട്യാ തന്നെ ശ്രദ്ധിക്കപ്പെടുന്ന നടപടിയാണ് വിചാരണക്കോടതിയിൽ നിന്നുണ്ടായതെന്നും കൂട്ടിച്ചേർത്തു.

അലൻ ഷുഹൈബിന് ജാമ്യം നൽകിയ നടപടി തെറ്റായിരുന്നുവെന്നും, മേൽക്കോടതിയിൽ ചോദ്യം ചെയ്യാൻ എൻഐഎയ്ക്ക് നിയമോപദേശം നൽകിയിരുന്നതായും അഡിഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു കോടതിയെ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും, താഹ ഫസലിനും വിചാരണക്കോടതി ജാമ്യം നൽകിയത്. എന്നാൽ, ഇക്കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു.

Story Highlights: uapa case notice to nia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top