തകര്‍ത്തടിച്ച് പൃഥ്വിഷായും ധവാനും; ചെന്നൈക്കെതിരെ ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് വിജയം. ഓപ്പണര്‍മാരായ പൃഥ്വിഷായും ശിഖര്‍ ധവാനും തകര്‍ത്തടിച്ചതോടെയാണ് ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി മറികടന്നത്.

18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 190 റണ്‍സ് നേടി വിജയം സ്വന്തമാക്കിയത്. 38 പന്തുകളില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും അടക്കമാണ് പൃഥ്വിഷാ 72 റണ്‍സെടുത്തത്. 54 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും അടക്കമാണ് ശിഖര്‍ ധവാന്‍ 85 റണ്‍സെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 188 റണ്‍സെടുത്തത്. തകര്‍ച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. ആദ്യ രണ്ട് ഓവര്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ ഫാഫ് ഡുപ്ലെസിയെ ചെന്നൈയ്ക്ക് നഷ്ടമായി. പിന്നാലെ അഞ്ച് റണ്‍സെടുത്ത് റുതുരാജ് ഗെയ്ക്വാദും പുറത്തായി.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മോയിന്‍ അലി – സുരേഷ് റെയ്‌ന സഖ്യമാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേര്‍ന്ന് 53 റണ്‍സ് സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു. 36 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറുമടക്കം 54 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് റണ്‍സൊന്നും നേടാനായില്ല. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സാം കറന്‍ 15 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാലു ഫോറുമടക്കം 34 റണ്‍സ് ചെന്നൈക്കായി നേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top