സ്വന്തമായി ജീപ്പ് നിര്‍മിച്ച് താരമായി ഒന്‍പതാം ക്ലാസുകാരന്‍

സ്വന്തമായി ജീപ്പ് നിര്‍മിച്ച് താരമായിരിക്കുകയാണ് ഒരു കൊച്ചു മിടുക്കന്‍. വാഹന കമ്പം മൂത്താണ് ഒന്‍പതാം ക്ലാസുകാരനായ ഹാദിഫ് ജീപ്പ് നിര്‍മിച്ചത്. എറിയാട് ആറാട്ടുവഴി കൊല്ലത്തു വീട്ടില്‍ കബീര്‍- ഫാത്തിമ ദമ്പതികളുടെ മകനാണ് ഹാദിഫ് എന്ന പതിനഞ്ചു വയസുകാരന്‍.
ചെറുപ്പം മുതല്‍ക്കെ വാഹനങ്ങളോട് വല്ലാത്ത ഇഷ്ടമാണ് ഈ കൊച്ചു മിടുക്കന്. ആ ഇഷ്ടം തന്നെയാണ് സ്വന്തമായൊരു വാഹനം നിര്‍മിക്കുകയെന്ന തീരുമാനത്തിലെത്തിച്ചത്. അഞ്ച് മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഹാദിഫ് തന്റെ ജീപ്പ് നിരത്തിലിറക്കിയത്. ഇരുപത്തി അയ്യായിരം രൂപയാണ് വാഹനത്തിന്റെ നിര്‍മാണത്തിന് ചെലവഴിച്ചത്. പഴയൊരു മോട്ടോര്‍ ബൈക്കിന്റെ എഞ്ചിനാണ് ജീപ്പിന്റെ പ്രധാന ഘടകം. മറ്റു പ്രധാന ഭാഗങ്ങള്‍ ഹാദിഫ് ഉണ്ടാക്കിയെടുത്തതാണ്.
സുഹൃത്തുക്കളായ ഇഹ്‌സാന്‍, മനാഫ് എന്നിവരും ഹാദിഫിന് കൂട്ടായുണ്ടായിരുന്നു. ഉമ്മ ഫാത്തിമയും, സഹോദരി ഫര്‍സീനയും ഈ മിടുക്കന് പിന്തുണയുമായുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന വാപ്പയുടെ പ്രോത്സാഹനം കൂടിയായതോടെ ഹാദിഫിന്റെ സ്വപ്ന വാഹനം സ്റ്റാര്‍ട്ടായി. എറിയാട് കേരളവര്‍മ്മ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഹാദിഫ്. ജീപ്പ് കൂടാതെ പെഡല്‍ കാര്‍ ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ് ഈ കൊച്ചു മിടുക്കന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here