ഇറാന്റെ ആണവകേന്ദ്രം അപ്രതീക്ഷിതമായി നിലച്ചു; പിന്നിൽ ഇസ്രയേലോ?

അപ്രതീക്ഷിതമായി ഇറാനിലെ നടാൻസ് ആണവകേന്ദ്രത്തിൽ വൈദ്യുതി നിലച്ചതിന് പിന്നിൽ ഇസ്രയേലിന്റെ മൊദാസിലെ സൈബർ സംഘമാണെന്ന് ആരോപണം. ആണവ ഭീകരപ്രവർത്തനമാണിതെന്ന് ഇറാൻ ആണവോർജ ഏജൻസി മേധാവി അലി അകബർ സഹേലിയും ആരോപിച്ചു. എന്നാൽ വൈദ്യുതി വിതരണ ഗ്രേഡിലെ തകരാറാണ് കാരണമെന്ന് ഇറാനിയൻ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇതുമൂലം നിലയത്തിൽ ആളപായമോ ആണവ മലിനീകരണമോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ ആണവോർജ ഏജൻസി വക്താവും അറിയിച്ചു.

50 ഇരട്ടി വേഗമേറിയ യുറേനിയം സമ്പുഷ്‌ടീകരണത്തിന് ശനിയാഴ്ച തുടക്കമിട്ടതിന് പിന്നാലെയാണ് വൈദ്യുതി നിലച്ചത്. ഇതിനിടെ , ഇസ്രയേലിൽ നിന്നുള്ള സൈബർ ആക്രമണത്തെ തുടർന്നാണ് നടാൻസ് ഇരുട്ടിലായതെന്ന് ആരോപണമുയർന്നു. ഭൂമിക്കടിയിലും മുകളിലുമായുള്ള ആണവനിലയത്തിൽ മുഴുവനായും വൈദ്യുതി ഇല്ലാതായതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും കാരണം കണ്ടെത്താനായിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ ഇവിടെ സംശയാസ്പദമായ സ്ഫോടനവും ഉണ്ടായി.

പുതിയ യുറേനിയും സമ്പുഷ്‌ടീകരണ ഉപകരണങ്ങൾ ഔദ്യോഗികമായി അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാനിലെ ആണവ കേന്ദ്രം ഇരുട്ടിലായത്. അതേസമയം, ഇസ്രയേൽ സൈബർ ആക്രമണത്തിന്റെ ഫലമാണിതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രയേൽ സംഭവത്തെക്കുറിച്ച് നേരിട്ട് പ്രതികരിച്ചിട്ടില്ല.

ഇസ്രയേലിൽ നിന്നുള്ള സൈബർ ആക്രമണം മൂലമാണ് വൈദ്യുതി മുടക്കം സംഭവിച്ചതെന്ന് ഇസ്രയേൽ പബ്ലിക് ബ്രോഡ്‌കാസ്റ്റർ കാൻ റിപ്പോർട്ട് ചെയ്തത്. സംഭവം ഇസ്രയേൽ ആക്രമണമാണെന്ന് കരുതാമെന്ന് ഹാരെറ്റ്സ് പത്രവും റിപ്പോർട്ട് ചെയ്യുന്നു. പക്ഷെ ആണവായുധ ശേഷിയിലേക്ക് മുന്നേറുന്നതിനിടയിൽ സംഭവിച്ച ഈ പ്രശ്‌നം ഒരു അപകടം മൂലമായിരിക്കില്ലെന്ന് കരുതാം. ഇതിനു പിന്നിൽ മനഃപൂർവം നടത്തിയ അട്ടിമറിക്കാണുമെന്ന് യെനെറ്റ് ന്യൂസ് വെബ്സൈറ്റിലെ പ്രതിരോധ അനലിസ്റ്റ് റോൺ ബെൻ-യിഷായ് പറഞ്ഞു.

Read Also : കണികാ മേഖലയിലെ പുതിയ കണ്ടുപിടിത്തം; പ്രപഞ്ചത്തിലെ അജ്ഞാത അഞ്ചാം ശക്തി

Story Highlights: Iran Nuclear facility Loses Power

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top