മംഗലാപുരത്ത് അപകടത്തിൽ പെട്ട ബോട്ട് പൂർണമായും മുങ്ങി; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കുള്ള തെരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കാണാതായ 9 മത്സ്യത്തൊഴിലാളികളും ബോട്ടിനുള്ളിലെ ക്യാബിനിൽ ഉണ്ടെന്നാണ് നിഗമനം. രക്ഷാപ്രവർത്തനം നടത്തുന്ന കോസ്റ്റ് ഗാർഡ് അപകട സ്ഥലത്ത് തുടരുകയാണ്.
ഉണർന്നിരുന്ന രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. കപ്പൽ വന്ന് ഇടിച്ചപ്പോൾ ഇവർ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബാക്കിയുള്ളവർ ബോട്ടിൻ്റെ ക്യാബിനിൽ കിടന്ന് ഉറങ്ങുകയായിരുന്നു.
കോഴിക്കോട് ബേപ്പൂരിൽ നിന്ന് മീൻ പിടിക്കാൻ പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ടിൽ കപ്പലിടിച്ച് മൂന്ന് പേർ മരണപ്പെട്ടിരുന്നു. മംഗലാപുരത്ത് നിന്ന് 80 കിലോമീറ്റർ അകലെ പുറംകടലിലാണ് അപകടമുണ്ടായത്.
ബോട്ടിലുണ്ടായിരുന്നത് എഴ് തമിഴ്‌നാട് സ്വദേശികളും ഏഴ് മറ്റ് സംസ്ഥാനക്കാരുമാണ്. ഇവരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി.
ഞായറാഴ്ച രാത്രി ബേപ്പൂരിൽ നിന്ന് പുറപ്പെട്ട ബോട്ട് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടത്തിൽ പെട്ടത്. കോസ്റ്റ് ഗാർഡിന്റെ മൂന്ന് കപ്പലുകളും ഒരു വിമാനവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. സിംഗപ്പൂരിൽ നിന്ന് മുംബൈയിലേക്ക് ചരക്കുമായി പോയ എപിഎൽ ഹാവ്‌റെ കപ്പലാണ് അപകടമുണ്ടാക്കിയത്. ഈ കപ്പൽ കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്.
Story Highlights: Boat wrecks in Mangalore Rescue crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here