കുംഭമേളയെ മർക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെ: വിഎച്ച്പി

Comparing Kumbh Markaz VHP

കുംഭമേളയെ മർക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്ന് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പി വൈസ് പ്രസിഡൻറ് ചംപത് റായ് ആണ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗി ജമാഅത്തുമായി കുംഭമേളയെ താരതമ്യം ചെയ്യാൻ കഴിയില്ല. കുംഭമേള മതപരമായ ചടങ്ങാണ്. മുസ്ലിം ആധിപത്യം പ്രകടിപ്പിക്കാൻ നടത്തുന്ന മർക്കസ് സമ്മേളനം പോലെയല്ല അതെന്നും ദി പ്രിൻ്റിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“ഏറെ പഴക്കമുള്ളതും സാമ്പ്രദായികവുമായ ഉത്സവമാണ് കുംഭമേള. 12 വർഷത്തിനിടയിൽ നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങളും കുംഭമേളയ്ക്കുണ്ട്. മേള നിർത്തേണ്ട ആവശ്യമില്ല. കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ട്. കുംഭമേളയ്ക്ക് സർക്കാരിൻറെ അനുമതിയുള്ളതാണ്. അത് ഒളിപ്പിച്ച് നടത്തുന്ന ഒന്നല്ല. കുംഭമേള മതപരമായ ആചാരമാണ്. മർക്കസ് സംമ്മേളനം പോലെ മുസ്ലിം ആധിപത്യം പ്രകടിപ്പിക്കാൻ നടത്തുന്ന പരിപാടിയല്ല. കുംഭമേളയെ മർക്കസുമായി താരതമ്യം ചെയ്യുന്നത് അഴുക്കുവെള്ളത്തോട് ഗംഗാ ജലത്തെ ഉപമിക്കുന്നത് പോലെയാണ്.”- സുരേന്ദ്ര ജെയിൻ പറഞ്ഞു.

മേള നിർത്തില്ലെന്നും ഗംഗാദേവിയുടെ അനുഗ്രഹം ഉള്ളതിനാൽ മേളയ്ക്കെത്തുന്നവരിൽ കൊവിഡ് വരില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത് പറഞ്ഞിരുന്നു. മർക്കസ് അടച്ചിട്ട സ്ഥലത്താണ്. അവിടെ ഉറങ്ങിയവർ പുതുപ്പുകൾ വരെ പങ്കിട്ട് ഉപയോഗിച്ചിരുന്നു. എന്നാൽ കുംഭമേള നടക്കുന്നത് തുറസായ സ്ഥലത്താണ്. അവിടെ കൊവിഡ് ബാധ ഉണ്ടാവില്ല. മർക്കസും കുംഭമേളയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ബാധകൾ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലും കുംഭമേള അവസാനിപ്പിക്കില്ലെന്ന് അധികൃതർ തീരുമാനം എടുത്തിരുന്നു. മേള ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ, കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ ബുധനാഴ്ച മേള അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് അധികൃതരുടെ പ്രഖ്യാപനം. ഉത്തരാഖണ്ഡ് സർക്കാരും മതനേതാക്കളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്ക് പിന്നാലെയാണ് അധികൃതർ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഹരിദ്വാറിൽ വൈറസ് ബാധിച്ചത് 1500ലധികം ആളുകൾക്കാണ്. ചൊവ്വാഴ്ച 594 കേസുകളും തിങ്കളാഴ്ച 408 കേസുകളും ബുധനാഴ്ച 525 കൊവിഡ് കേസുകളും ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തു.

Story Highlights: Comparing Kumbh with Markaz is likening ‘Gangajal to dirty drain water’ VHP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top