ചഹാറിൽ കുരുങ്ങി പഞ്ചാബ്; ചെന്നൈക്ക് 107 റൺസ് വിജയലക്ഷ്യം

csk 107 runs pbks

പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 107 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് നേടിയത്. ടോപ്പ് ഓർഡറിനെ ദീപക് ചഹാർ കശാപ്പ് ചെയ്തപ്പോൾ തമിഴ്നാട് താരം ഷാരൂഖ് ഖാൻ പൊരുതി നേടിയ 47 റൺസാണ് പഞ്ചാബിനെ 100 കടത്തിയത്. ചഹാർ 13 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

ആദ്യ ഓവറിൽ തന്നെ ചഹാർ വിക്കറ്റ് വേട്ട തുടങ്ങി. മായങ്ക് അഗർവാൾ (0), ക്രിസ് ഗെയിൽ (10), നിക്കോളാസ് പൂരാൻ (0), ദീപക് ഹൂഡ (10) എന്നിവരെയാണ് ചഹാർ പവലിയനിൽ മടക്കി എത്തിച്ചത്. ലോകേഷ് രാഹുലിനെ (5) രവീന്ദ്ര ജഡേജ നേരിട്ടുള്ള ഏറിലൂടെ റണ്ണൗട്ടാക്കിയപ്പോൾ പഞ്ചാബിൻ്റെ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമായത് വെറും 26 റൺസിന്.

ആറാം വിക്കറ്റിൽ ഝൈ റിച്ചാർഡ്സണും ഷാരൂഖ് ഖാനും ചേർന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ, കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞ ചെന്നൈ പഞ്ചാബിനെ അനായാസം സ്കോർ ചെയ്യാൻ അനുവദിച്ചില്ല. റൺ ഉയർത്താനുള്ള ശ്രമത്തിനിടെ റിച്ചാർഡ്സൺ (15) മൊയീൻ അലിക്ക് കീഴടങ്ങി. മുരുഗൻ അശ്വിൻ (6) ബ്രാവോയുടെ ഇരയായി മടങ്ങി. അവസാന ഓവറിൽ സാം കറനാണ് ഷാരൂഖിനെ പുറത്താക്കിയത്. മുഹമ്മദ് ഷമി (9) പുറത്താവാതെ നിന്നു.

Story Highlights: csk need 107 runs to win against pbks

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top