ഐപിഎൽ ഇന്ന് ഇരട്ട പോരാട്ടങ്ങൾ

double header ipl today

ഐപിഎലിൽ ഇന്ന് ഇരട്ട പോരാട്ടങ്ങൾ. വൈകുന്നേരം 3.30നും രാത്രി 7.30നുമാണ് മത്സരങ്ങൾ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് വൈകുന്നേരത്തെ മത്സരം. ഡൽഹി-പഞ്ചാബ് ടീമുകൾ രാത്രി നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടും. ഐപിഎൽ സീസണിലെ ആദ്യ ഡബിൾ ഹെഡറാണ് ഇന്ന്.

ആർസിബിക്ക് പരിചിതമല്ലാത്ത ഒരു പൊസിഷനിലാണ് അവർ നിലവിൽ നിൽക്കുന്നത്. പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനം (ഇന്നലെ വരെ ഒന്നാമത്), ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഒരേയൊരു ടീം എന്നീ വിശേഷണങ്ങൾ ആർസിബിക്ക് അപൂർവതയാണ്. രണ്ട് മത്സരങ്ങളേ കളിച്ചിട്ടുള്ളൂ എങ്കിലും കഴിഞ്ഞ സീസണുകളിൽ കണ്ടതിനെക്കാൾ ബാലൻസ് ടീമിനു തോന്നുന്നുണ്ട്. ടി-20 ബൗളർ എന്ന ടാഗ് ലൈനിലേക്ക് കൃത്യമായി പരകായ പ്രവേശം നടത്തിയ മുഹമ്മദ് സിറാജ് ആർസിബിക്ക് നൽകുന്ന കോൺഫിഡൻസ് അപാരമാണ്. അതുകൊണ്ട് തന്നെ കോലിക്ക് തൻ്റെ തന്ത്രങ്ങൾ കൃത്യമായി നടപ്പാക്കാനും കഴിയുന്നു. ആ ക്യാപ്റ്റൻസിയുടെ ഗുണവും കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കണ്ടു. മുൻപ് കളിച്ച രണ്ട് കളിയും നടന്ന അതേ പിച്ചിൽ, ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്നത്തെയും മത്സരം. അതുകൊണ്ട് തന്നെ ആർസിബി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. കഴിഞ്ഞ മത്സരങ്ങൾ കളിച്ചതു പോലെ തന്നെ കളിച്ചാൽ വിജയിക്കാം.

കൊൽക്കത്തയും ചെന്നൈയിൽ തന്നെയാണ് രണ്ട് മത്സരങ്ങളും കളിച്ചത്. ഒരു കളി ജയിച്ചു, ഒരു കളി പരാജയപ്പെട്ടു. രണ്ട് കളിയിലെയും മാർജിൻ 10 റൺസാണ്. അഡ്രസ് ചെയ്യേണ്ട പ്രശ്നങ്ങൾ കൊൽക്കത്തയിലും ഇല്ല. നിതീഷ് റാണയുടെ ഫോം ആണ് കൊൽക്കത്തയുടെ പ്ലസ് പോയിൻ്റ്. കഴിഞ്ഞ സീസണിലെ പ്രകടനങ്ങളിൽ നിന്ന് പുരോഗതി പ്രാപിച്ച് ടി-20 ബൗളറെന്ന പരിണാമത്തിലേക്കെത്തുന്ന കമ്മിൻസും കൊൽക്കത്തയുടെ സാധ്യതകൾക്ക് കരുത്താകുന്നു. എങ്കിലും താളം കണ്ടെത്താൻ കഴിയാത്ത മധ്യനിര തലവേദനയാണ്. മോർഗൻ, ഷാക്കിബ്, കാർത്തിക്, റസൽ എന്നിങ്ങനെ കരുത്തുറ്റ മധ്യനിരയാണെങ്കിലും രണ്ട് മത്സരങ്ങളിലും കാർത്തിക് ഒഴികെ മറ്റാരും തിളങ്ങിയില്ല. അത് പരിഹരിച്ചാൽ കൊൽക്കത്തയ്ക്കും സാധ്യതയുണ്ട്.

ഡൽഹി ക്യാപിറ്റൽസ് രണ്ട് കളി കളിച്ചു. ഒന്നിൽ ജയിച്ചു, മറ്റൊന്നിൽ തോറ്റു. ഋഷഭ് പന്തിൻ്റെ ഫോം ആണ് ഡൽഹിയുടെ കരുത്ത്. പൃഥ്വി ഷാ, ശിഖർ ധവാൻ എന്നീ ഓപ്പണർമാരും മികച്ചുനിൽക്കുന്നു. മാർക്കസ് സ്റ്റോയിനിസിൻ്റെ മോശം ഫോം പ്രശ്നമാണ്. ഋഷഭ് പന്തിൻ്റെ ക്യാപ്റ്റൻസിയും ആശങ്കയാണ്. കരുത്തുന്ന ബാറ്റിംഗ് നിരയുള്ള ഡൽഹിക്ക് അവർ ഫോമായാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ. ക്വാറൻ്റീൻ കാലാവധി കഴിഞ്ഞതിനാൽ ആൻറിച് നോർക്കിയ ടീമിനൊപ്പം ചേർന്നേക്കും. ടോം കറൻ പുറത്തിരിക്കും. റബാഡ, വോക്സ്, നോർക്കിയ എന്നിവരുടെ അപകടം നിറഞ്ഞ ഓവറുകൾ ഫലപ്രദമായി കളിക്കുക എന്നതാവും എതിർ ടീമിൻ്റെ വെല്ലുവിളി.

ആദ്യ കളിയിൽ ആദ്യം ബാറ്റ് ചെയ്തു, അടിച്ചത് 221. കഷ്ടിച്ച് ജയിച്ചു. രണ്ടാമത്തെ കളിയിലും ആദ്യം ബാറ്റ് ചെയ്തു, അടിച്ചത് 106 റൺസ്. കളി തോറ്റു. രണ്ടറ്റങ്ങളിൽ നിൽക്കുന്ന ബാറ്റിംഗ് പ്രകടനങ്ങളാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പഞ്ചാബ് കാഴ്ച വച്ചത്. അതുകൊണ്ട് തന്നെ, ബാറ്റിംഗ് നിരയെ മാറ്റിപ്പരീക്ഷിക്കേണ്ടതില്ല. ലോകേഷ് രാഹുൽ തന്നെയാണ് സ്റ്റാർ പ്ലയർ. അഗർവാൾ, ഗെയിൽ, പൂരാൻ, ഹൂഡ എന്നിങ്ങനെ കരുത്തർ പിന്നാലെ. മെരെഡിത്ത്, റിച്ചാർഡ്സൺ കോംബോ ആദ്യ കളിയിൽ തല്ലുവാങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തി. അതുകൊണ്ട് തന്നെ ക്രിസ് ജോർഡൻ ഇന്നും പുറത്തിരിക്കും. മുരുഗൻ അശ്വിനു പകരം രവി ബിഷ്ണോയ് കളിച്ചേക്കാം.

Story Highlights: double header in ipl today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top