കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഹോങ്കോങ്ങില്‍ വിലക്ക്

Hong Kong bans flights from India

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. മെയ് മൂന്ന് വരെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഹോങ്കോങ്ങില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 20 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കും ഹോങ്കോങ്ങില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോങ്കോങ്ങിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റും സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു. വിസ്താര വിമാനങ്ങളില്‍ ഈ മാസം ഹോങ്കോങ്ങില്‍ എത്തിയ അമ്പതോളം യാത്രക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇക്കാരണത്താല്‍ വിസ്താരയുടെ സര്‍വീസുകള്‍ക്കും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. തുടര്‍ച്ചയായി അഞ്ചാം ദിവസവും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,50,61,919 ആയി.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 1618 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 1,78,769 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗബാധമൂലം ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്.

Story Highlights: Hong Kong bans flights from India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top