കടല്‍ക്കൊലക്കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും
കടല്‍ക്കൊലക്കേസ് ഇന്ന് സുപ്രിംകോടതിയില്‍. ഇറ്റലിയില്‍ നിന്ന് പത്ത് കോടി രൂപ നഷ്ടപരിഹാരം കൈപ്പറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതി പരിശോധിച്ചേക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും ബോട്ടുടമയ്ക്കും ലഭിക്കാനുള്ള പത്ത് കോടി രൂപ നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവച്ച ശേഷം മാത്രമേ കടല്‍ക്കൊലക്കേസിലെ നടപടികള്‍ അവസാനിപ്പിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചുക്കൊണ്ടായിരുന്നു കോടതി നിലപാട്. ഇറ്റലിയില്‍ നിന്ന് നഷ്ടപരിഹാരത്തുക വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ ലഭിച്ച് മൂന്ന് ദിവസത്തിനകം കെട്ടിവയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പും നല്‍കി.
നഷ്ടപരിഹാരം നേടിയെടുക്കുന്നതില്‍ കേന്ദ്രം സ്വീകരിച്ച നടപടികള്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആരാഞ്ഞേക്കും. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതവും ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരം ലഭിക്കുന്ന വിധത്തിലാണ് ഇറ്റലിയുമായുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥ. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് നമ്പര്‍ ലഭിച്ചാലുടന്‍ തുക കൈമാറാമെന്ന് ഇറ്റലിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
Story Highlights: fishermen killed, italian marines case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here