തൃശൂർ പൂരം: തിരുവമ്പാടിക്ക് ചടങ്ങ് മാത്രം; പാറമേക്കാവ് ആഘോഷമായി നടത്തും

തൃശൂർ പൂരം ചടങ്ങ് മാത്രമാക്കി തിരുവമ്പാടി വിഭാഗം. ഒരാനപ്പുറത്ത് ചടങ്ങുകൾ പൂർത്തിയാക്കും. കൊവിഡ് വ്യാപനത്തോത് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. സർക്കാർ നിർദേശങ്ങൾ പൂർണമായും അംഗീകരിക്കുമെന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
അതേ സമയം പൂരം ആഘോഷമായി നടത്താനാണ് പാറമേക്കാവ് വിഭാഗത്തിൻ്റെ തീരുമാനം. 15 ആനകളെ എഴുന്നള്ളിക്കും. ഇലഞ്ഞിത്തറമേളവും വെടിക്കെട്ടും 24ലെ പകൽ പൂരവും നടത്തും. കുടമാറ്റവും സാമ്പിൾ വെടിക്കെട്ടും പ്രതീകാത്മകമാകും. അതേസമയം, ചമയപ്രദർശനം, പൂരക്കഞ്ഞി വിതരണം എന്നിവ ഒഴിവാക്കിയതായി പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി.
തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ ധാരണ ആയിരുന്നു. പൂരത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികൾ ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്. പൂരം നടത്തിപ്പുകാർ, സംഘാടകർ, ആന പാപ്പാന്മാർ തുടങ്ങിയ ആളുകൾക്കാവും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവുക. മറ്റാർക്കും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവില്ല. മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാൻ ഒരു മെഡിക്കൽ സംഘത്തെ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.
Story Highlights: thrissur pooram thiruvambady and paramekkavu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here