വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രം അടച്ചു

Vazhachal tourist center closed due to Covid 19

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രം അടച്ചു. വാഴച്ചാല്‍ ഊരിലെ ആദിവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. 16 പേര്‍ക്കാണ് ഊരില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

തൃശ്ശൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന വാഴച്ചാല്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് വാഴച്ചാല്‍ വെള്ളച്ചാട്ടമുള്ളത്. ചുറ്റും വനമായതുകൊണ്ടുതന്നെ നിരവധി സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. എന്നാല്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വാഴച്ചാലിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അതേസമയം കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങളും സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്തിയിരിക്കുന്നു. തിയേറ്ററുകള്‍ക്കും മാളുകള്‍ക്കുമെല്ലാം വൈകിട്ട് ഏഴ് മണി വരെയാണ് പ്രവര്‍ത്തനാനുമതി. വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രത്തിന് പുറമെ കാസര്‍ഗോഡ് ജില്ലയിലെ ബോക്കല്‍ ഫോര്‍ട്ട് അടക്കമുള്ള പല വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ച സാഹചര്യമാണ് നിലവിലുള്ളത്. തുറന്ന് പ്രവര്‍ത്തിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Story Highlights- Vazhachal tourist center closed due to Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top