വാക്‌സിനെടുത്ത വ്യക്തിക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത എത്ര ? ആദ്യമായി കണക്ക് പുറത്തുവിട്ട് കേന്ദ്രം

വാക്‌സിനെടുത്ത വ്യക്തിക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത എത്രയെന്ന കണക്ക് ആദ്യമായി പുറത്തുവിട്ട് കേന്ദ്ര സർക്കാർ. പതിനായിരം പേർക്ക് കൊവിഡ് ബാധിക്കുമ്പോൾ അതിൽ വാക്‌സിൻ സ്വീകരിച്ച രണ്ട് മുതൽ നാല് പേർക്ക് മാത്രമേ വൈറസ് ബാധയേൽക്കുന്നുള്ളു. വളരെ ചെറിയ ശതമാനം പേർക്ക് മാത്രമേ വാക്‌സിനേഷന് ശേഷവും കൊവിഡ് ബാധിക്കുകയുള്ളുവെന്നും അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ അറിയിച്ചു.
ഭാരത് ബയോട്ടെക്കിന്റെ ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ (കൊവാക്‌സിൻ) ലഭിച്ച 0.04 ശതമാനം പേർക്ക് മാത്രമേ കൊവിഡ് ബാധിച്ചിട്ടുള്ളു. അതായത് ആദ്യ ഡോസ് വാക്‌സിനെടുത്ത 93,56,436 പേരിൽ കൊവിഡ് ബാധിച്ചത് 4,208 പേർക്ക് മാത്രമാണ്. രണ്ടാം ഡോസ് സ്വീകരിച്ച 17,37,178 പേരിൽ 695 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്.
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനെടുത്ത 0.02 ശതമാനം പേർക്ക് മാത്രമേ കൊവിഡ് ബാധിച്ചിട്ടുള്ളു. ആദ്യ ഡോസ് കൊവിഷീൽഡ് വാക്‌സിനെടുത്ത 10,03,02,745 പേരിൽ 17,145 പേർക്ക് മാത്രമേ കൊവിഡ് ബാധിച്ചുള്ളു. രണ്ടാം ഡോസ് വാക്‌സിനെടുത്ത 1,57,32,754 പേരിൽ 5,014 പേരിൽ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വാക്‌സിനുകൾ സുരക്ഷിതമാണെന്ന് തെളിയിക്കുകയാണ് ഈ കണക്കുകളെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.
Story highlights: Infection After Covid Shot First Official Data
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here