സോണി സെബാസ്റ്റ്യനെതിരായ അപവാദ പ്രചാരണം; പിന്നിൽ കോൺഗ്രസ് നേതാവെന്ന് സൂചന

കെപിസിസി ജനറൽ സെക്രട്ടറിയും ഇരിക്കൂറിൽ യുഡിഎഫ് സ്ഥാനാർത്ഥി പരിഗണന പട്ടികയിൽ ഇടം നേടുകയും ചെയ്ത സോണി സെബാസ്റ്റ്യനെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ അന്വേഷണം പുതിയ ദിശയിൽ. സംഭവത്തിൽ കണ്ണൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവിനെ പൊലീസ് ചോദ്യം ചെയ്തു. കേസ് ഇന്ന് രജിസ്റ്റർ ചെയ്തേക്കും.
തെരഞ്ഞെടുപ്പിൽ സ്ഥാനാത്ഥിത്വം ഉറപ്പിക്കുന്ന ഘട്ടത്തിലാണ് സോണിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ജോൺ ജോസഫ് എന്ന എഫ്ബി ഐ.ഡിയിൽ നിന്നുള്ള പോസ്റ്റുകൾ ചർച്ചയായി. തുടർന്ന് സോണി സെബാസ്റ്റ്യൻ സൈബർ സെല്ലിൽ പരാതി നൽകി. സംഭവത്തിലെ അന്വേഷണം ഒടുവിൽ കോൺഗ്രസിലെ പ്രമുഖ നേതാവിലേക്ക് എത്തി. നേതാവിന്റെ ലാൻഡ് ഫോൺ നമ്പർ ഉപയോഗിച്ചാണ് വ്യാജ ഐ.ഡി. ഉണ്ടാക്കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ.
ഇന്നലെ ആലക്കോട് പൊലീസ് നേതാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. സോണി സെബാസ്റ്റ്യന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. തുടർന്ന് നേതാവിനെതിരെ കേസെടുക്കുമെന്നാണ് സൂചനകൾ. സോണി സെബാസ്റ്റ്യന് പാർട്ടി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി സ്ഥാനമാനങ്ങൾ രാജിവച്ച് പരസ്യ പ്രതിഷേധങ്ങളിൽ പങ്കെടുത്ത നേതാവാണ് ആരോപണവിധേയൻ.
Story highlights: sony sebastian, congress, irikkur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here