വില്ല്യംസണിന്റെ പോരാട്ടം പാഴായി; ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം

dc srh super over

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ത്രസിപ്പിക്കുന്ന ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഡൽഹി ആവേശജയം സ്വന്തമാക്കിയത്. ഇരു ടീമുകളും 159 റൺസ് വീതമാണ് നേടിയത്. സൺറൈസേഴ്സിനായി 66 റൺസെടുത്ത് പുറത്താവാതെ നിന്ന കെയിൻ വില്ല്യംസൺ പൊരുതിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ജോണി ബെയർസ്റ്റോ 38 റൺസെടുത്തു. അവേഷ് ഖാൻ ഡൽഹിക്കായി 3 വിക്കറ്റ് വീഴ്ത്തി.

ജോണി ബെയർസ്റ്റോയുടെ കൂറ്റൻ ഷോട്ടുകൾ ഡൽഹിയുടെ ഉലക്കുന്ന കാഴ്ചയോടെയാണ് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. ഇതിനിടെ ഡേവിഡ് വാർണർ (8) റണ്ണൗട്ടായതൊന്നും ബെയർസ്റ്റോയെ ബാധിച്ചില്ല. മൂന്നാം നമ്പറിലെത്തിയ കെയിൻ വില്ല്യംസണിനെ സാക്ഷിയാക്കി ബെയർസ്റ്റോ തകർത്തടിച്ചു. അവേഷ് ഖാനാണ് ഒടുവിൽ ബെയർസ്റ്റോയെ (38) പുറത്താക്കിയത്. ബെയർസ്റ്റോ പുറത്തായത് സൺറൈസേഴ്സ് സ്കോറിംഗിനെ സ്വാധീനിച്ചു. ആദ്യ മൂന്ന് വിക്കറ്റുകളിലെയും കൂട്ടുകെട്ട് കൃത്യം 28 റൺസായിരുന്നു.

നാലാം നമ്പറിൽ ഇറങ്ങിയ വിരാട് സിംഗിന് വേഗത്തിൽ സ്കോർ ചെയ്യാൻ കഴിയാതിരുന്നത് വില്ല്യംസണിൻ്റെ ജോലി ദുഷ്കരമാക്കി. ഒടുവിൽ 14 പന്തുകളിൽ 4 റൺസെടുത്ത വിരാട് സിംഗിനെ അവേഷ് ഖാൻ പുറത്താക്കി. കേദാർ ജാദവ് (9) അമിത് മിശ്രയ്ക്ക് മുന്നിൽ വീണു. അഭിഷേക് ശർമ്മ (5), റാഷിദ് ഖാൻ (0) എന്നിവരെ ഒരു ഓവറിൽ തന്നെ പുറത്താക്കിയ അക്സർ പട്ടേൽ സൺറൈസേഴ്സിനെ സമ്മർദ്ദത്തിലാക്കി. വിജയ് ശങ്കർ (8) അവേഷ് ഖാനു മുന്നിൽ വീണു.

എന്നാൽ ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും വില്ല്യംസൺ പിടിച്ചുനിന്നു. 9ആം നമ്പറിൽ ഇറങ്ങിയ ജഗദീഷ സുചിത് രണ്ട് ബൗണ്ടറികളും ഒരു സിക്സറും നേടി സൺറൈസേഴ്സിനെ വിജയത്തിനരികെ എത്തിച്ചു. 16 റൺസ് ആയിരുന്നു അവസാന ഓവറിൽ സൺറൈസേഴ്സിനു വേണ്ടിയിരുന്നത്. ആ ഓവറിൽ അവർ എടുത്തത് 15 റൺസ്. കളി സൂപ്പർ ഓവറിലേക്ക്.

സൂപ്പർ ഓവറിൽ സൺറൈസേഴ്സ് ആണ് ആദ്യം ബാറ്റ് ചെയ്തത്. ഡേവിഡ് വാർണറും കെയിൻ വില്ല്യംസണും ചേർന്ന് ഹൈദരാബാദിൻ്റെ ബാറ്റിംഗ് ഓപ്പൺ ചെയ്തത്. ഡൽഹി ക്യാപിറ്റൽസ് അക്സർ പട്ടേലിന് സൂപ്പർ ഓവർ എറിയാനുള്ള ചുമതല നൽകി. ആ ഓവറിൽ ഹൈദരാബാദ് എടുത്തത് 7 റൺസ്.

സൺറൈസേഴ്സിനായി റാഷിദ് ഖാൻ പന്തെറിഞ്ഞപ്പോൾ ശിഖർ ധവാനും ഋഷഭ് പന്തും ഡൽഹിക്കായി കളത്തിലിറങ്ങി. ഓവറിലെ അവസാന പന്തിൽ ഡൽഹി ജയം കുറിച്ചു.

Story highlights: dc won against srh in super over

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top